Pr Shaiju Vellanaad
സിക്കന്തര്‍പൂർ : ഉത്തർ പ്രദേശിലെ സിക്കന്തര്‍പൂരിൽ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് മലയാളിയായ പാസ്റ്റർ ജോസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ചാണ് കർത്തൃദാസൻ പാസ്റ്റര്‍ ജോസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്ത് ബെല്ലിയ ജില്ലാ ജയിലിൽ അടച്ചു. ഭാരതീയ ന്യായ സംഹിത സെക്ഷന്റെ 302, 352, 3, 5 (1) എന്നീ വകുപ്പുകളാണ് പാസ്റ്റർ ജോസ് തോമസിന്റെ മേൽ ചുമത്തിയിരിക്കുന്നത്.
ചെറുവയ്ക്കൽ ന്യൂലൈഫ് ബിബ്ലിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയാണ് പാസ്റ്റർ ജോസ് തോമസ്. നിരപരാധികളെ കള്ള കേസിൽ കുടുക്കി സുവിശേഷ വിരോധികളുടെ ഒത്താശയോടെ ജയിലിൽ അടക്കുന്നത് ഇപ്പോൾ ഉത്തര ഇന്ത്യയിൽ ഒരു പതിവ് സംഭവമാണ്.
പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം ചെയ്യുന്നു എന്നാണ് ബജ്റംഗ് ദളിന്റെ പരാതി. ആളുകളോട് പ്രസംഗിക്കുന്നതിനിടെയാണ് പോലീസെത്തി കർത്തൃദാസൻ പാസ്റ്റർ ജോസ് തോമസിനെ അറസ്റ്റ് ചെയ്തത്. പാസ്റ്ററുടെ കൈവശം ഉണ്ടായിരുന്ന വിശുദ്ധ ബൈബിളും, മതപരമായ പുസ്തകങ്ങളും, മ്യൂസിക് സിസ്റ്റവും, മൈക്രോഫോണും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പാസ്റ്റർ ജോസ് തോമസിന്റെ പക്കൽ 124 പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പാസ്റ്ററിനെ അറസ്റ്റ് ചെയ്ത ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
അദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്തതായി പറയപ്പെടുന്നത് അദ്ദേഹം വിശ്വസിക്കുന്ന മത ഗ്രന്ഥങ്ങൾ, ആത്മീയ പുസ്തകങ്ങൾ, ലഘു ലേഖകൾ, സംഗീത ഉപകരണങ്ങൾ തുടങ്ങിയവയാണ്. അല്ലാതെ തല വെട്ടുന്ന വാളോ, തോക്ക് പോലുള്ള മാരക ആയുധങ്ങളോ, സ്ഫോടക വസ്തുക്കളോ, മദ്യമോ, മയക്ക് മരുന്നുകളോ ഒന്നും തന്നെ അല്ല. എന്നിരുന്നാലും ചിത്രങ്ങളിൽ അദ്ദേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്ന രീതി തീവ്രവാദികളെയും ഭീകരന്മാരെയും പിടി കൂടിയ പോലെയാണ്.
സുവിശേഷ വിരോധികൾ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ നിരവധി പാസ്റ്റർമാരും ക്രിസ്ത്യൻ പുരോഹിതരും കന്യാസ്ത്രീകളും അറസ്റ്റിലായിരുന്നു. മത പരിവർത്തന നിരോധന നിയമ പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്. നൂറ് കണക്കിന് മിഷണറിമാരാണ് ഉത്തരേന്ത്യൻ ജയിലുകളിൽ കിടക്കുന്നത്.
എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്നും ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നുമാണ് ഇതിനോട് ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്റെ പ്രതികരണം.
എല്ലാ പ്രിയ ദൈവജനവും പ്രിയ കർത്തൃദാസൻ പാസ്റ്റർ ജോസ് തോമസിന്റെ മോചനത്തിന് വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.




