NS. Nellikunnam
ഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള വാശിയേറിയ തെരെഞ്ഞെടുപ്പിൽ ശക്തമായ മൂന്ന് പാനലുകളുടെ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്ന ഐ പി.സി കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും കക്ഷിരഹിതനായ സ്വതന്ത്ര സ്ഥാനാർത്ഥിയായി , മത്സരിച്ച , പുലിമടയിൽ നിന്നും പുറത്തുവന്ന ജയാളിയെപ്പോലെ പാസ്റ്റർ ബോബൻ ക്ലീറ്റസ് തിളക്കമാർന്ന വിജയം കരസ്ഥമാക്കി. കൊല്ലം മണ്ഡലത്തിലെ ഏക സ്വതന്ത്ര സ്ഥാനാർത്ഥിയാണ് പാസ്റ്റർ ബോബൻ ക്ലീറ്റസ്. പ്രചരണ രംഗത്തും , സാമ്പത്തിക രംഗത്തും ലീഡർഷിപ്പ് രംഗത്തും ശക്തന്മാരാണ് കൊല്ലം മണ്ഡലത്തിൽ മത്സര രംഗത്തുണ്ടായിരുന്നത്. പാനൽ രഹിതനായി നിന്നാൽ വിജയ സാധ്യത ഉണ്ടാവില്ലായെന്നുള്ള ചിന്തയാണ് ഐ പി സിയുടേത്. ചിന്തകളെയും, കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടുള്ള വിജയമാണ് പാസ്റ്റർ ബോബൻ ക്ലീറ്റസിന്റേത്. ആദ്യമായിട്ടാണ് ഒരു കൗൺസിലംഗമായി മത്സരത്തിനെത്തിയത്. അതുകൊണ്ടു തന്നെ സ്ഥിര കൗൺസിൽ അംഗങ്ങളായ പലരെയും പിന്നിലാക്കി കൊണ്ട് ഒരു നവാഗതൻ കൂടിയായ പാസ്റ്റർ ബോബൻ ക്ലീറ്റസിന്റെ വിജയം തിളക്കമാർന്നതാണെന്ന് എടുത്തു പറയാം. ക്രിസ്തീയ മാധ്യമ രംഗത്ത് പ്രശസ്തനും, എഴുത്തുകാരനുമായ പാസ്റ്റർ ബോബൻ ക്ലീറ്റസിന്റെ രംഗപ്രവേശം ഐ.പി.സി സ്റ്റേറ്റ് കൗൺസിലിനും , പ്രസ്ബിറ്ററിക്കും ഒരു മുതൽ കൂട്ടാകുമെന്നതിന് സംശയമില്ല. ഫെയ്ത്ത് ട്രാക്ക് പത്രത്തിന്റെ പത്രാധിപനും , ക്രിസ്ത്യൻ മീഡിയാ അസോസിയേഷന്റെ (CMA) ജനറൽ സെക്രട്ടിയുമാണ് പാസ്റ്റർ ബോബൻ ക്ലീറ്റസ്. മീഡിയാ പ്രവർത്തകൻ എന്ന നിലയിൽ ജി.എം ന്യൂസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ജി.എം ന്യൂസ് ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ ഒരു വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തി.




