തോമസ് ജേക്കബ് കണ്ണൂർ
കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകൻ അർണവിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക്
ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേർക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കരച്ചിൽ കേട്ട് നോക്കുമ്പോൾ ഇരുപതോളം തെരുവുനായകൾ ചേർന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. തുടർന്ന് ഇവർ മരക്കഷണം ഉപയോഗിച്ച്
തെരുവുനായകളെ അടിച്ചോടിച്ച് കുട്ടിയെ
രക്ഷിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയിൽ പേവിഷബാധയ്ക്കെതിരായ വാക്സിനടക്കമുള്ള ചികിത്സ കുട്ടിക്ക് നൽകുന്നുണ്ട്. ആവശ്യമെങ്കിൽ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.






