വാർത്ത :- തോമസ് ജേക്കബ് കണ്ണൂർ
കൊച്ചി: ഇടുക്കി ഡാം ഉൾപ്പെടെ തുറന്ന പശ്ചാത്തലത്തിൽ 2018-ലേതിനു സമാനമായ പ്രളയ സാഹചര്യമുണ്ടായാൽ സാധിക്കും വിധം തടയിടാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആലുവ പ്രദേശത്ത് തമ്പടിച്ച് കടലിന്റെ മക്കൾ. നേരത്തെ ദുരന്തമുഖത്ത് സമാനതകളില്ലാത്ത സേവനം കാഴ്ച വച്ച് രാജ്യത്തിന്റെ തന്നെ പ്രശംസ പിടിച്ചു പറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യം. കൊച്ചിയുടെ വൈപ്പിൻ, ചെല്ലാനം തീര മേഖലയിൽ നിന്നുള്ള 13 വള്ളങ്ങളാണ് ആലുവ പ്രദേശത്തു തമ്പടിച്ചിരിക്കുന്നത്. ഓരോ ബോട്ടിലും നാലിൽ അധികം തൊഴിലാളികളുമുണ്ട്.


നിലവിൽ അടിയന്തര സാഹചര്യമില്ലെങ്കിലും അപ്രതീക്ഷിതമായി ഒരു സാഹചര്യം രൂപപ്പെട്ടാൽ അതിനെ നേരിടാൻ കലക്ടറേറ്റിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് കടലിനോടു പൊരുതുന്ന കരുത്തുമായി ഇവർ എത്തിയിരിക്കുന്നത്. ആലുവാപ്പുഴ കവിഞ്ഞു വെള്ളമെത്തിയാൽ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥലങ്ങളെല്ലാം മുന്നിൽ കണക്കാക്കിയാണ് സംഘത്തിന്റെ നിൽപ്. കഴിഞ്ഞ പ്രാവശ്യം പ്രളയമുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിനെത്തിയ വള്ളങ്ങൾക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനങ്ങൾ പാഴായെങ്കിലും ചെയ്യാനുള്ളതു ചെയ്യുമെന്നാണ് പ്രതികരണം.




