Home Daily news അന്ന് മാറോടണച്ച് ഓടി; ഇന്ന് ആ കാഴ്ച കാണാൻ സൂരജിനേയും കൊണ്ട് അച്ചനെത്തി

അന്ന് മാറോടണച്ച് ഓടി; ഇന്ന് ആ കാഴ്ച കാണാൻ സൂരജിനേയും കൊണ്ട് അച്ചനെത്തി

0

ന്യൂസ് റിപ്പോർട്ടിംഗ് : -തോമസ് ജേക്കബ് കണ്ണൂർ

തൊടുപുഴ:അണക്കെട്ടിൽനിന്ന് ആർത്തലച്ചെത്തുന്ന വെള്ളം ചെറുതോണിപ്പാലം മൂടുന്നതിനുമുമ്പ്, അസുഖബാധിതനായ കുട്ടിയെ ദുരന്തനിവാരണ സേനാംഗം മാറോടണച്ച് ഓടുന്ന ചിത്രം 2018-ലെ പ്രളയത്തിൽ കേരളക്കരയൊന്നാകെ ശ്വാസമടക്കിപ്പിടിച്ചു കണ്ട കാഴ്ചകളിലൊന്നായിരുന്നു. പനിമൂലം കണ്ണടച്ചുകിടന്നതിനാൽ അന്ന് കാണാൻ കഴിയാതെപോയ ആ ദൃശ്യം കാണാൻ മൂന്ന് വർഷങ്ങൾക്കിപ്പുറം ആറുവയസ്സുകാരനായ സൂരജ് അച്ഛൻ ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെ കൈപിടിച്ചെത്തി.ഡാം തുറക്കുമെന്ന അറിയിപ്പുവന്നപ്പോൾ തനിക്കും കാണണമെന്ന ആഗ്രഹം സൂരജ് അച്ഛനെ അറിയിച്ചു. ആവർത്തനമെന്നോണം ഇത്തവണയും പനി ബാധിതനായിരുന്നു സൂരജ്. വീടിന് പുറത്തേക്ക് കൊണ്ടുപോകാൻ വിജയരാജ് മടിച്ചെങ്കിലും അവസാനം മകന്റെ നിർബന്ധത്തിന് വഴങ്ങി.

ചെറുതോണി പാലത്തിന് മുകളിലെത്തിയപ്പോൾ അച്ഛൻ മകനോട് 2018 ഓഗസ്റ്റിലെ ആ ദിവസത്തെപ്പറ്റിയും പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അന്ന് ഡാം തുറക്കുന്നത് കണ്ടശേഷം ഓഗസ്റ്റ് 10-ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലുംകൊണ്ട് വിഷമിക്കുന്ന മകനെയായിരുന്നു. കനത്ത മഴപെയ്യുമ്പോഴും അത് വകവയ്ക്കാതെ അവനെ മാറോടണച്ച് വിജയരാജ് വീട്ടിൽനിന്നുമിറങ്ങി.പാലത്തിനടുത്തെത്തിയപ്പോൾ അക്കരെ വിടാൻ നിർവാഹമില്ലെന്നായി പോലീസ്. എന്നാൽ, കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിടകൊണ്ട് മറുകരയെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here