Home Daily news ടൈറ്റൻ ദുരന്തമായി മാറി; പേടകത്തിലുണ്ടായിരു അഞ്ച് പേരും മരണപ്പെട്ടതായി നിഗമനം

ടൈറ്റൻ ദുരന്തമായി മാറി; പേടകത്തിലുണ്ടായിരു അഞ്ച് പേരും മരണപ്പെട്ടതായി നിഗമനം

0

തോമസ് ജേക്കബ് കണ്ണൂർ

ബോസ്റ്റൺ: ഒരു നൂറ്റാണ്ടുമുമ്പ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ അഞ്ചുപേരുമായി പോയ ‘ടൈറ്റൻ’ ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതർ. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരൻ ഷെഹ്സാദ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ടൈറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സി.ഇ.ഒ. സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവർ. മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയ യന്ത്രഭാഗങ്ങൾ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമോ എന്നത് പറയാൻ കഴിയില്ലെന്ന് കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ അറിയിച്ചു.
കനേഡിയൻ റിമോർട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങൾ കണ്ടെത്തിയത്. ഇവ പരിശോധിച്ചതിൽ നിന്നാണ് ഒരു പൊട്ടിത്തെറി നടന്നതായുള്ള അനുമാനത്തിൽ വിദഗദ്ധർ എത്തിയത്.
ടൈറ്റൻ അവശിഷ്ടങ്ങൾ കണ്ടെത്തിയ ROV പരിശോധന നടത്തുന്നത് തുടരുമെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഇന്ത്യൻസമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടൈറ്റൻ ഊളിയിട്ടത്. എന്നാൽ ഒരു മണിക്കൂർ 45 മിനിറ്റിനകം ടൈറ്റനെ നിയന്ത്രിച്ചിരുന്ന ഉപരിതലത്തിലുണ്ടായിരുന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ടൈറ്റാനിക്
കാനഡയുടെ ന്യൂ ഫൗണ്ട്ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രോപരിതലത്തിൽനിന്ന് 3800 മീറ്റർ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. 1912-ൽ ബ്രിട്ടനിലെ സതാംപ്ടണിൽനിന്ന് യു.എസിലെ ന്യൂയോർക്കിലേക്ക് 2200 പേരുമായി നടത്തിയ കന്നി യാത്രയിൽ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരിൽ 1500-ലേറെപ്പേർ മരിച്ചു. 1985-ൽ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതു മുതൽ ഒട്ടേറെ പര്യവേക്ഷണങ്ങൾ നടക്കുന്നുണ്ട്.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here