Home Daily news കമ്പിത്തിരിയും മത്താപ്പുമായി ആലുവയിലെ ശ്മശാനത്തിൽ എത്തി; അവൾ ഉറങ്ങുന്ന മണ്ണിൽ ദീപം തെളിയിച്ചു കുടുംബം .

കമ്പിത്തിരിയും മത്താപ്പുമായി ആലുവയിലെ ശ്മശാനത്തിൽ എത്തി; അവൾ ഉറങ്ങുന്ന മണ്ണിൽ ദീപം തെളിയിച്ചു കുടുംബം .

0

തോമസ് ജേക്കബ് കണ്ണൂർ

ആലുവ : അവൾ പച്ചമണ്ണ് പുതച്ചുറങ്ങുന്ന
ശ്മശാനത്തിലേക്ക് ദീപാവലി നാളിൽ അവരെത്തി, തങ്ങളുടെ ജീവിതത്തിൽ കെട്ടുപോയ സന്തോഷപ്പൂത്തിരിയുടെ നീറുന്ന ഓർമകളുമായി… അവൾക്ക് എന്നും ഇഷ്ടമായിരുന്ന കമ്പിത്തിരിയും മത്താപ്പുമെല്ലാം അവർ കരുതിയിരുന്നു…
ആലുവ മാർക്കറ്റിൽ മറുനാടൻ തൊഴിലാളിയുടെ കൊടുംക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ബിഹാറിൽ നിന്നുള്ള അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും സഹോദരങ്ങളുമാണവർ. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ കുട്ടിയെ അടക്കിയ സ്ഥലത്ത് അവർ പൂക്കൾകൊണ്ട് അലങ്കരിച്ചു. തുടർന്ന് ദീപം തെളിച്ച് പ്രത്യേക പൂജകൾ നടത്തി. കമ്പിത്തിരിയും മത്താപ്പുമെല്ലാം അവൾക്കരികിലിരുന്ന് കത്തിച്ചു, പിന്നെ തേങ്ങലോടെ മടങ്ങി.
ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് കുടുംബത്തെ സഹായിക്കാൻ ഒപ്പമുണ്ടായി. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിനെ അവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ശ്മശാനത്തിൽ കുട്ടിയെ അടക്കിയ ഭാഗം വൃത്തിയാക്കിയിരുന്നു. ഉത്തരേന്ത്യൻ രീതിയിലുള്ള സംസ്കാര ക്രിയകൾ മകൾക്ക് ചെയ്യാൻ ബാക്കിയുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.
ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി പുറപ്പെടുവിക്കും. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് അവർ കരുതുന്നത്. വ്യാഴാഴ്ച കുടുംബം സ്വന്തം നാട്ടിലേക്ക് പോകും. ബിഹാറിൽ കുട്ടിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തീകരിച്ച ശേഷം മടങ്ങും.
ജൂലായ് 28-നാണ് അഞ്ചുവയസ്സുകാരിയായ ബാലികയെ ബിഹാർ സ്വദേശിയായ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here