Home Daily news ആംബുലൻസ് കുതിച്ചെത്തി; ജീവൻ രക്ഷിക്കാനായില്ല;കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ പോൾ മരിച്ചു.

ആംബുലൻസ് കുതിച്ചെത്തി; ജീവൻ രക്ഷിക്കാനായില്ല;കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ പോൾ മരിച്ചു.

0

G.M. ന്യൂസ് റിപ്പോർട്ടർ തോമസ് ജേക്കബ് കണ്ണൂർ

കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പാക്കം സ്വദേശി വെള്ളച്ചാലിൽ പോളി (52) ന്റെ ജീവൻരക്ഷിക്കാനായില്ല.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് പോളിന് കാട്ടാനയുടെ കുത്തേറ്റത്. പാക്കം- കുറുവാ ദ്വീപ് റൂട്ടിൽ ചെറിയമല വനമേഖലയിൽ വെച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിൻ്റെ മുന്നിൽ പ്പെടുകയായിരുന്നു. തുടർന്ന് ഭയന്നോടിയപ്പോൾ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ്
പോൾ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോളിനെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പോളുമായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഒരുമണിക്കൂർ 57 മിനിറ്റുകൊണ്ടാണ് ആംബുലൻസ് കോഴിക്കോട്ട് എത്തിയത്. ഐ.സി.യു. ആംബുലൻസിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് നിലച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിൽ രക്തം കട്ടകെട്ടിയിരുന്നു. വാരിയെല്ലും പൊട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും.
ഒരാഴ്ചക്കിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ശനിയാഴ്ച ചാലിഗദ്ദ പടമലയിൽ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ അജീഷ് കൊല്ലപ്പെട്ടിരുന്നു. വാർത്ത തോമസ് ജേക്കബ് കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here