വാർത്ത: തോമസ് ജേക്കബ് കണ്ണൂർ
• കാറിൽനിന്നിറങ്ങി മരുന്നു വാങ്ങാൻ റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച്, കൊല്ലം സ്വദേശികളായ ദമ്പതികൾക്കു ദാരുണാന്ത്യം. മക്കളുടെയും മാതാപിതാക്കളുടെയും കൺമുന്നിൽ, തിരുവനന്തപുരം പഴവങ്ങാടിയിൽ ബുധൻ രാത്രി എട്ടിനായിരുന്നു അപകടം.
കൊട്ടിയം വടക്കേ മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നിസ് ഡാനിയേൽ(45), ഭാര്യ നിർമല ഡെന്നിസ്(34) എന്നിവരാണു മരിച്ചത്. വിദേശത്തായിരുന്ന ഡെന്നിസ്, കോവിഡ് വാക്സീനെടുത്ത ശേഷമുള്ള അസ്വസ്ഥതയ്ക്കു ചികിത്സ തേടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണു നാട്ടിലെത്തിയത്. തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 6 ദിവസം ചികിത്സയിലായിരുന്നു. ബുധൻ വൈകിട്ട് ആശുപത്രി വിട്ടു വീട്ടിലേക്കു മടങ്ങവെയാണ് അപകടം.



