ന്യൂസ് റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ
ന്യൂഡൽഹി :-ദീപാവലിക്കു തലേന്ന് താൽക്കാലിക ആശ്വാസവുമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം-രാജ്യത്ത് ഇന്ധനവില കുറയും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

2020 മേയ് 5 മുതലുള്ള പ്രകാരം പെട്രോളിന്റെ കണക്ക് എക്സൈസ് തീരുവ ലീറ്ററിന് 37.38 രൂപ വരെ എത്തിയിരുന്നു. ഡീസലിന് ഇത് 27.98 രൂപയും. ഇതിൽനിന്നാണ് യഥാക്രമം 5 രൂപയും 10 രൂപയും കുറഞ്ഞത്. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ തീരുമാനം. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.

സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി, ഡീസലിനും പെട്രോളിനും എക്സൈസ് തീരുവ ഗണ്യമായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഈ കുറവ് ഉപഭോഗം വർദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഇത് സഹായകമാകും. രാജ്യത്ത് ഊർജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.




