സുനിൽ ഒറ്റപ്പാലം
ബാംഗ്ലൂർ: കലാപം
രൂക്ഷമായിക്കൊണ്ടിരിക്കെ
മണിപ്പൂരിൽ നിന്നും വരുന്ന യുവജനങ്ങൾക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് ബാംഗ്ലൂർ മെത്രാപ്പോലീത്ത പീറ്റർ മച്ചാഡോ. ബാംഗ്ലൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ ജൂൺ 12-ന് സംഘടിപ്പിച്ച ഒരു പരിപാടിയിൽ മണിപ്പൂരി യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് മെത്രാപ്പോലീത്ത വാഗ്ദാനം നൽകിയത്. മണിപ്പൂരി യുവജനങ്ങൾ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടി അതിരൂപതയെ സമീപിച്ചുവെന്നും അതിരൂപത അവരെ കൈവിട്ടില്ലെന്നും അതിരൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസിൽ നിന്നുള്ള അലോഷ്യസ് കാന്തരാജ് പറഞ്ഞു.

ബാംഗ്ലൂർ വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും, രൂപതയുടെ കീഴിൽ നഗരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് തുടർന്നു പഠിക്കാമെന്നും തങ്ങളുടെ ഹോസ്റ്റലുകളിൽ സൗജന്യമായി താമസിക്കാമെന്നും മെത്രാപ്പോലീത്ത മണിപ്പൂരി യുവജനങ്ങളോട് പറഞ്ഞതായി ‘മാറ്റേഴ്സ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. കലാപത്തെ തുടർന്നു ഭവനരഹിതരായവരെ സഹായിക്കുവാനുള്ള സന്നദ്ധതയും മെത്രാപ്പോലീത്ത അറിയിച്ചു. നേരത്തെ ബെംഗളൂരുവിൽ താമസിക്കുന്ന ജെസ്യൂട്ട് വൈദികനും മണിപ്പൂർ സ്വദേശിയുമായ ഫാ. ജെയിംസ് ബെയിയാണ് മണിപ്പൂരി യുവജനങ്ങളെ ബാഗ്ലൂരിൽ എത്തിച്ചത് .കലാപം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും മണിപ്പൂരിലെ ക്രിസ്ത്യാനികൾ വംശീയവും, വർഗ്ഗീയവുമായ സംഘർഷത്തിന് ഇരയായികൊണ്ടിരിക്കുകയാണെന്നും, ഈ സാഹചര്യം കണക്കിലെടുത്താണ് മണിപ്പൂരിലെ ക്രിസ്ത്യൻ ജനസംഖ്യയുള്ള ഗ്രാമങ്ങളിലെ യുവജനങ്ങളെ ബെംഗളുരുവിൽ എത്തിക്കുവാൻ മുൻകൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ആരാധനാലയങ്ങളും, താമസസ്ഥലങ്ങളും ആക്രമിക്കുകയാണെന്നും, അതിനാൽ യുവജനങ്ങളെ കൂടുതൽ സുരക്ഷിതമായ ബാംഗ്ലൂരിലേക്ക് മാറ്റിപാർപ്പിക്കേണ്ടത് ആവശ്യമായി
വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.





