വാർത്ത:- ഷാജി വർഗീസ് കലയപുരം
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്റ്റ് സൂപ്പർണ്ട് റവ. ഡോ. പി എസ് ഫിലിപ്പ് (76) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.. നെഞ്ചു വേദനയെ തുടർന്ന് രാത്രി 11.30 നു കൊട്ടാരക്കര വിജയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും 1.30 നു താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു.പത്തനംതിട്ട തോന്നിയമല പാലയ്ക്കൽ തറയിൽ വി.പി.ശാമുവൽ – റാഹേലമ്മ ദമ്പതികളുടെ മകനായി 1947-ൽ ജനിച്ച പി.എസ്.ഫിലിപ്പ് പുനലൂർ ബഥേൽ, ബാംഗ്ലൂർ SABC, പൂനെ UBS,എന്നിവിടങ്ങളിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 2009-ൽ അമേരിക്കയിലെ വെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.1968-ൽ ബഥേൽ ബൈബിൾ കോളേജിൽ അദ്ധ്യാപകനായ അദ്ദേഹം 1986-ൽ ബഥേലിന്റെ പ്രിൻസിപ്പാളായി. 2010 ലെ ആ പദവിയിൽ നിന്ന് വിരമിക്കുന്നത്. ഏതെങ്കിലും ബഥേൽ ബൈബിൾ കോളേജിന് മികച്ച നേട്ടങ്ങൾ സമ്മാനിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
ചില പ്രാദേശിക സഭകളിൽ ഇടയ ശുശ്രൂഷ ചെയ്തിട്ടുള്ള പാസ്റ്റർ ഫിലിപ്പ് 1981 മുതൽ മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിലും എസ്ഐഎജി ജനറൽ കൗൺസിലിലും വിവിധ നിലകളിൽ ചുമതലകൾ നിർവ്വഹിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നേതൃത്വ നിരയിൽ മൂന്നു പതിറ്റാണ്ടിലേറെയായി സജീവ സാന്നിദ്ധ്യമായിരുന്നു. മലയാളം ഡിസ്ട്രിക്റ്റ് അസി. സൂപ്പർണ്ട് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനം നിർവ ഹിച്ച ദൈവദാസൻ ഇപ്പോൾ മലയാളം ഡിസ്ട്രിക്റ്റ് സൂപ്പർണ്ടായി സേവനം തുടരുകയായിരുന്നു.
പുനലൂർ നെടിയകാലായിൽ എൻ. എം.ദാനിയേലിന്റെ മകൾ ലീലാമ്മയാണ് ഭാര്യ. മക്കൾ: റെയ്ച്ചൽ ലിജി കുര്യൻ, സൂസൻ റെനി ജേക്കബ്, സാമുവേൽ ഫിലിപ്പ്, ബ്ലെസി ക്രിസ്റ്റഫിൽ.




