തോമസ് ജേക്കബ് കണ്ണൂർ
കണ്ണൂർ: കേളകം ഇരട്ടത്തോട് ബാവലി പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെബിൻ(6) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലായിരുന്നു അപകടം. പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ
ഇറങ്ങിയതായിരുന്നു ഇരുവരും.
മകനെ ചുമലിൽ ഇരുത്തി
പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ
അകപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരിട്ടി എ.ജെ. ഗോൾഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി സ്കൂൾ യുകെജി വിദ്യാർഥിയാണ് നെവിൻ. കുവൈറ്റിൽ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.




