ജിജോ പാലക്കാട്
ആക്രമണത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത എല്ലാവരെയും തിരിച്ചറിഞ്ഞതായി പൊലീസ്
കൊല്ലം :കരുനാഗപ്പള്ളിയിൽ പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് ആർഎസ്എസ്- ബി.ജെ.പി.പ്രവർ ത്തകർ അറസ്റ്റിൽ. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയ നാഥ് (23), കടത്തൂർ ഹരിഭവന് ത്തിൽ ഹരിപ്രസാദ് (19), കടത്തൂർ ദേവിവിലാസത്തിൽ നന്ദു (22) എന്നിവരാണ് അറസ്റ്റിലായ മൂവരും സജീവ ആർ എസ് എസ് പ്രവർത്തകരാണ്.കരുനാഗപ്പള്ളി വവ്വാക്കാവിനു സമീപം ജനുവരി 1നായിരുന്നു സംഭവം. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്ന മൈനാഗപ്പള്ളി കടപ്പ ബഥേൽ വീട്ടിൽ Pr.റജി പാപ്പച്ചനും(55) കുടുംബവുമാണ് ആക്രമിക്കപ്പെട്ടത് വവ്വാക്കാവിനു സമീപ കശുവണ്ടി ഫാക്ടറി വളപ്പിലെ കെട്ടിടത്തിൽ ഉടമയുടെ അനുമതിയോടെ ഒരു മാസമായി റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തകോസ്ത് സഭയുടെ പ്രാർത്ഥന നടന്നിരുന്നു. എന്നാൽ, ഉടമയുടെ ചില ബന്ധുക്കൾ ഇതിലുള്ള വിരോധം കാരണം ആക്രമിക്കാൻ കൊട്ടേഷൻ നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ നിർദേശപ്രകാരമാണ് അക്രമികൾ മതിൽ ചാടി ഫാക്ടറിക്കുള്ളിൽ കടന്ന് പാസ്റ്ററേയും ഭാര്യ ജോളമ്മയെയും ഭാര്യാമാതാവിനെയും മർദ്ദിച്ചത്. ആക്രമണത്തിലും ഗൂഢാലോചനയിലും പങ്കെടുത്തഎല്ലാവരെയും തിരിച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും എന്നും പോലീസ് അറിയിച്ചു. ഓച്ചിറ ഇൻസ്പെക്ടർ എ നിസാമുദ്ദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിയാസ്, സിവിൽ പൊലിസ് ഓഫീസർമാരായ വിനോദ്, അനി, വിഷാന്ത്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.




