തോമസ് ജേക്കബ് കണ്ണൂർ
മറയൂർ: മറയൂർ പള്ളനാട് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പള്ളനാട് മംഗളപാറ സ്വദേശി ദുരൈ രാജ്(62) ആണ് മരിച്ചത്. മംഗളം പാറ ഭാഗത്ത് കൃഷിപ്പണി കഴിഞ്ഞ് തിരികെവന്ന തൊഴിലാളികളാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ദുരൈരാജിന്റെ മൃതദേഹം മംഗളം പാറയിലേക്ക് പോകുന്ന വഴിയിൽ കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് സമീപത്ത് മാറി ചെരുപ്പും ചോറും പൊതിയും തോർത്തും കിടക്കുന്നുണ്ടായിരുന്നു.
രാവിലെ മറയൂരിലെത്തിയ ദുരൈ രാജ് മറയൂർ ടൗണിലെ ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം വാങ്ങി മംഗളം പാറയിലുള്ള വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ഭാര്യ പൗർണമിയും മകൻ അരവിന്ദനും ഉദുമൽപേട്ടയിലാണ് താമസിക്കുന്നത്. മംഗളം പാറയ്ക്ക് പോകുന്ന ഒറ്റയടി പാതയിൽ കല്ലറക്കൽ ജോസ് മാത്യുവിന്റെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ചെവിയിൽ കൂടി രക്തം ഒഴുകിയ നിലയിലാണ്. മറയൂർ എസ്.ഐ. അശോക് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ദുരൈരാജിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കംചെയ്യുന്നത് നാട്ടുകാർ തടഞ്ഞു. മറയൂർ എസ്.ഐ. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആറുമണിയോട മേൽനടപടികൾ സ്വീകരിക്കാനെത്തിയെങ്കിലും നാട്ടുകാർ മൃതദേഹം നീക്കംചെയ്യാൻ അനുവദിച്ചില്ല. പള്ളനാട്, പുളിക്കരവയൽ മേഖലയിൽ കാട്ടുപോത്തുകളുടെ നിരന്തരശല്യത്തിന് പരിഹാരമെടുത്തശേഷം മാത്രമേ മൃതദേഹം മാറ്റാൻ അനുവദിക്കുകയുള്ളു എന്ന നിലപാടിലായിരുന്നു നാട്ടുകാർ.




