ജി.എം ന്യൂസ് റിപ്പോർട്ടർ തിരുവനന്തപുരത്തു നിന്നും സുന്ദരേശൻ പോത്തൻകോട്
ബീജിംഗ്: ഒരു ഇടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം ശക്തമാകുന്നു. വടക്കന്‍ ചൈനയിലെ ചില മേഖലകളിലാണ് അധികൃതര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മേഖലയില്‍ വലിയ തോതില്‍ കൊറോണ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണയുടെ മൂന്നിലൊന്നും ഇവിടെ നിന്നാണ്. മംഗോളിയയോട് അതിര്‍ത്തി പങ്കിടുന്ന മേഖലകളാണിത്.
എജിന്‍ ബാനറിലെ 35,700ഓളം താമസക്കാരോട് വീടുകളില്‍ തന്നെ തുടരണമെന്നും, പുറത്തിറങ്ങരുതെന്നുമാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എറന്‍ഹോട്ട് നഗരത്തിലും സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ പ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. എജിന്‍ ബാനറിലെ കൊറോണ വ്യാപനം കൂടിയതാടെ പ്രദേശത്തെ ഹെല്‍ത്ത് കമ്മീഷണര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ അവരുടെ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്നും, അതിനാലാണ് കൊറോണ രോഗികള്‍ വര്‍ദ്ധിച്ചതെന്നും ആരോപിച്ചാണ് നീക്കം.
കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 11 പ്രവിശ്യകളില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ കേസുകള്‍ തടയുന്നതിന്റെ ഭാഗമായി ബീജിംഗ്, ഗന്‍സു, നിംഗ്സിയ, ഗുയിസൗ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലയിടത്തും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്




