GP കുറ്റിച്ചൽ
തിരുവനന്തപുരം: ബഥനി ബൈബിൾ കോളേജിന്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 18-ന് കോളേജ് കാമ്പസിൽ വെച്ച് പ്രൗഢഗംഭീരമായ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ചീഫ് അലുംനൈ കോർഡിനേറ്റർ ഡോ. പി. ബി. ബിയാട്രിസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ കെ. ജെ. സാംകുട്ടി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഷെർജൻ എം . ഷൈൻ, പാസ്റ്റർ G.P നിശ്ചൽ റോയ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ദൈവിക സാന്നിധ്യം നിറഞ്ഞ ആരാധനയോടെ സമ്മേളനത്തിന് തുടക്കമായി.
കോളേജ് പ്രസിഡന്റ് പാസ്റ്റർ പി. കെ. യേശുദാസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ബഥനിയുടെ ഭാവിക്കായുള്ള വിപുലമായ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ കെട്ടിടനിർമ്മാണ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അപ്പോസ്തല പ്രവൃത്തികൾ 4:36, 37 വാക്യങ്ങളെ ആസ്പദമാക്കി, ബർന്നബാസിനെപ്പോലെ സ്ഥാപനത്തിന് കരുത്തും താങ്ങുമായി നിലകൊള്ളാൻ പൂർവ്വ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. നന്നു സ്ഥാപനത്തിന്റെ നിലവിലെ സാമ്പത്തിക ആവശ്യങ്ങളും വരാനിരിക്കുന്ന ഭാവി പദ്ധതികളും സദസ്സിൽ അവതരിപ്പിച്ചു.
സംഗമത്തിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥികൾ കോളേജിന്റെ വികസന ആവശ്യങ്ങൾക്കായി ഫാനുകൾ, ഭക്ഷ്യധാന്യങ്ങൾ, സാമ്പത്തിക സഹായം എന്നിവ നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ അലുംനൈ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ അലുംനൈ കമ്മിറ്റി ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ അഭിലാഷ് ജോൺ
വൈസ് പ്രസിഡന്റ്: പാസ്റ്റർ സ്റ്റീഫൻ വർഗീസ്
സെക്രട്ടറി: പാസ്റ്റർ ഷിജു ലാസർ
ജോയിന്റ് സെക്രട്ടറിമാർ: പാസ്റ്റർ ഗിൽബർട്ട്, പാസ്റ്റർ G.P നിശ്ചൽ റോയ്
ഖജാൻജി: പാസ്റ്റർ സജി കെ.
അംഗങ്ങൾ: പാസ്റ്റർ ഷെർജൻ എം . ഷൈൻ, പാസ്റ്റർ ഷാജി, പാസ്റ്റർ ജസ്റ്റിൻ എലീശ
പാസ്റ്റർ ഡി. സോളമൻ യോഗത്തിൽ നന്ദി പ്രകാശനം നടത്തി. പാസ്റ്റർ എ. ഡാനിയേലിന്റെ സമാപന പ്രാർത്ഥനയോടെ സംഗമം സമാപിച്ചു. അടുത്ത വർഷത്തെ സംഗമം 2027 ജനുവരി 23-ന് നടത്താനും യോഗം തീരുമാനിച്ചു.




