കെ റ്റി ജോസഫ് പാലക്കാട്
സുനിതാ
വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കാനാകാതെ ബോയിങിന്റെ ബഹിരാകാശ പേടകം സ്റ്റാർലൈനർ മടക്കയാത്ര തുടങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 3.35നാണ് പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്.
9.30ഓടെ പേടകം ഭൂമിയിൽ ഇറക്കാനാണ് നാസയുടെ ശ്രമം. ചെറിയൊരു ദൗത്യവുമായാണ് സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ ജൂൺ 7ന് ബഹിരാകാശ നിലയത്തിൽ എത്തിയത്. ജൂൺ13 ന് മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ വിക്ഷേപണ സമയത്ത് തന്നെ പേടകത്തിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ വില്ലനായി. ആദ്യം താപനില നിയന്ത്രിക്കുന്ന സംവിധാനത്തിലെ ഹീലിയം ചോർച്ചയാണ് റിപ്പോർട്ട് ചെയ്‌തത്. പിന്നാലെ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണത്തിൽ തകരാർ കണ്ടെത്തി. ഇതോടെ യാത്രികർ ബഹിരാകാശ നിലയത്തിൽ കുടുങ്ങി.
അന്ന് മുതൽ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. കേടായ ത്രസ്റ്ററുകളിൽ നാലെണ്ണത്തിൻ്റെ തകരാർ പരിഹരിച്ചതായി ബോയിങ് പ്രഖ്യാപിച്ചു. എന്നാൽ നാസ ഇതിൽ തൃപ്തരായില്ല. പൂർണ്ണമായും സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാർലൈനർ പേടകത്തിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം പരാജയപ്പെട്ടാൽ 96 മണിക്കൂർ നേരത്തേക്ക് മാത്രമുള്ള ഓക്സ്‌സിജനുമായി യാത്രികർ കുടുങ്ങി പോകും. അതോടൊപ്പം പേടകത്തിലെ താപകവചം പരാജയപ്പെടാനും സാധ്യതയുണ്ട്. ഇത് പേടകത്തിനുള്ളിലെ താപനില വലിയ രീതിയിൽ വർദ്ധിക്കാൻ കാരണമാകും. ഇക്കാര്യങ്ങൾ 1 കണക്കിലെടുത്ത് സ്റ്റാർലൈനർ ഓഴിവാക്കി മറ്റ് വഴികൾ സ്വീകരിക്കാൻ നാസ തീരുമാനിച്ചു. ഇലോൺ മസ്കിൻ്റെ സ്പേസ് എക്സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗൺ സ്പെയ്‌സ് ക്രാഫ്റ്റിൽ ഇരുവരേയും തിരികെയെത്തിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ ഈ ദൗത്യം അടുത്തവർഷം ഫെബ്രുവരിയിലെ നടക്കൂ. ഇതോടെ ഏഴ് ദിവസത്തേക്ക് മാത്രം നിശ്ചയിച്ച ദൗത്യം എട്ടു മാസത്തോളം നീളുന്ന സ്ഥിതിയാണ്. സ്റ്റാർലൈനർ സുരക്ഷിതമായി തിരിച്ചെത്തിക്കുക ബോയിങിനും ഏറെ പ്രാധാന്യമുള്ള ദൗത്യമാണ്. അല്ലെങ്കിൽ ബഹിരാകാശ രംഗത്തെ കമ്‌ബനിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നായി പരാജയം മാറും.




