വാർത്താ :- ഷാജി വർഗീസ് കലയപുരം
അമേരിക്കൻ, കനേഡിയൻ മിഷനറിമാരെ തട്ടിക്കൊണ്ടുപോയ ഹെയ്തിയിലെ സംഘം അവരെ മോചിപ്പിക്കാൻ 17 മില്യൺ ഡോളർ (127 കോടി രൂപ) ആവശ്യപ്പെടുന്നുവെന്ന് ഒരു ഉന്നത ഹെയ്തി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഒക്ടോബര് 16 ശനിയാഴ്ച ഹെയ്ത്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന് സമീപത്തുനിന്നും 400 മാവോസോ എന്ന ഭീകര സംഘം ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്ൻ്റെ 17 അംഗ അമേരിക്കൻ മിഷനറി സംഘത്തെയാണ് തട്ടികൊണ്ടുപോയത്. സംഘത്തിൽ അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 6 മാസം മാത്രം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു.
മിഷനറിമാരെ മോചിപ്പിക്കാൻ തട്ടിക്കൊണ്ടുപോകുന്നവരുമായി ചർച്ചകൾ നടക്കുകയാണെന്ന് നീതിന്യായ മന്ത്രി ലിസ്റ്റ് ക്വിറ്റൽ റോയിട്ടേഴ്സിനോട് പറഞ്ഞു. അവർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും മന്ത്രി സ്ഥിരീകരിച്ചു, ഒരാൾക്ക് 10 ലക്ഷം ഡോളർ വീതം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒഹായോ ആസ്ഥാനമായുള്ള ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി ഈ പ്രശ്നങ്ങൾ പരിഹരിക്കാനും മിഷനറിമാർ സുരക്ഷിതരായി തിരികെ എത്തേണ്ടതിനുമായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുന്നു.




