സുനിൽ ഒറ്റപ്പാലം
മണിപ്പൂർ കലാപത്തിൽ 60 പേർ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. കലാപത്തിൽ 231 പേർക്ക് പരിക്കേറ്റു. 1700 വീടുകൾ തീവച്ച് നശിപ്പിച്ചു. അതേസമയം, പുനരധിവാസ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേൻ സിംഗ് അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാൽ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്റു മെഡിക്കൽ സയൻസ് ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നുവെന്ന് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയേയും അസം റൈഫിൾസിനേയും വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസവും പുനരധിവാസവും കാര്യക്ഷമമാകണമെന്നും കോടതി നിർദ്ദേശിച്ചു.






