Home Uncategorized കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു

0

വാർത്ത :- തോമസ് ജോക്കബ് കണ്ണൂർ

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്, ശങ്കേഴ്സ് വീക്കിലി ,ജനയുഗം ,ബാലയുഗം ,കട്ട്–കട്ട് ,അസാധു എന്നിവയിലും പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമി, കേരള കാർട്ടൂൺ അക്കാദമി അധ്യക്ഷനായിരുന്നു.
ഇന്ന് പുലർച്ചെ ആണ് അന്ത്യം. കോവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും ചെയ്തിരുന്നു.
യേശുദാസന്‍ വരച്ച ആദ്യത്തെ കാര്‍ട്ടൂണ്‍ ‘ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതായിരുന്നു. ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി.

ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്‌സ് വീക്കിലിയില്‍ പരിശീലനം നേടിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ് യേശുദാസന്‍. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്.
ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം ‘കിട്ടുമ്മാവന്‍’ എന്ന ‘പോക്കറ്റ്’ കാര്‍ട്ടൂണ്‍ 1959 ജൂലായ് 19-മുതല്‍ അദ്ദേഹം വരച്ച് തുടങ്ങി. ‘സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും’ അഭിപ്രായം പറയുന്ന ‘കിട്ടുമ്മാവന്‍’ വായനക്കാര്‍ക്കിടയില്‍ പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിച്ചു.
ഈ കഥാപാത്രത്തോടൊപ്പം പൈലി, കാര്‍ത്ത്യായനി, പാച്ചരന്‍ ഭാഗവതര്‍, ചെവിയന്‍ പപ്പു, കാഥികന്‍ കിണറ്റുകുഴി, അയല്‍ക്കാരന്‍ വേലുപിള്ള, ചായക്കടക്കാരന്‍ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി യേശുദാസന്റെ പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാനും ജനശ്രദ്ധയാകര്‍ഷിക്കാനും തുടങ്ങി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ യേശുദാസന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ കിട്ടുമ്മാവനായും, പൈലിയായും വേഷം ധരിച്ചെത്തുക ആരാധകരുടെ പതിവായി മാറി.
1984ല്‍ കെ.ജി. ജോര്‍ജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണം നിര്‍വഹിച്ചത് യേശുദാസനായിരുന്നു. 1992-ല്‍ എ.ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാന്‍’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും ഇദ്ദേഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here