ജയ്മോൻ കാസർഗോഡ്
നിലബൂർ : ഒക്ടോബർ ഏഴാം തിയതി മുതൽ 11-ാം തിയതി വരെയുള്ള അഞ്ചു ദിവസങ്ങളിൽ നിലമ്പൂർ അഗപ്പെ മിഷന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന യോഗങ്ങൾ നടന്നു.
കേരളത്തിലെ 9 സെന്ററുകളിലായി ശുശ്രൂഷ ചെയ്യുന്ന ദൈവദാസന്മാർ കുടുംബമായി കൂടി വന്ന് ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി അഞ്ചു ദിവസങ്ങൾ ദൈവസന്നിധിയിൽ ചേർന്നിരുന്നു . ഓരോ സെന്ററുകളിൽ നിന്ന് രണ്ട് ദൈവദാസന്മാർ വീതം വചന സന്ദേശങ്ങൾ നൽകുകയും പോഷക സംഘടനകൾ ആയ ഇവാഞ്ചലിസം ബോർഡ്, യൂത്ത് ആൻഡ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ്, വുമൺസ് ഫെലോഷിപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മധ്യസ്ഥ പ്രാർത്ഥനയും, വചന സന്ദേശങ്ങളും ഉണ്ടായിരുന്നു. മിഷൻ ജനറൽ സെക്രട്ടറി പാസ്റ്റർ: ജോസഫ് ഇടക്കാട്ടിൽ, ഇരിട്ടി സെന്റർ മിനിസ്റ്റർ പാസ്റ്റർ :സെബാസ്റ്റ്യൻ , മിഷൻ ഡയറക്ടർ പാസ്റ്റർ: ജോയ് പാറക്കൽ എന്നിവർ യഥാവിധം യേശുക്രിസ്തുവിന്റെ അതിശ്രേഷ്ഠത, ശുശ്രൂഷകന്മാർ എങ്ങനെയായിരിക്കണം, ദൈവം ദൈവസഭയിൽ എന്നീ ഇത്യാദി വിഷയങ്ങളെ ആസ്‌പദമാക്കി ബൈബിൾ ക്ലാസുകൾ നയിച്ചു.ദൈവസന്നിധ്യം നിറഞ്ഞു തുളുമ്പിയിരുന്ന ഈ യോഗങ്ങളിൽ ദൈവദാസന്മാരും , വിശ്വാസ സമൂഹവും ശക്തമായി ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന രംഗങ്ങൾ ആദ്യ നൂറ്റാണ്ടിലെ അനുഭവം എന്നത് പോലെ ആവേശം ഉൾക്കൊള്ളുന്നതായിരുന്നു. ഉപവാസ പ്രാർത്ഥന യോഗത്തിന്റെ രണ്ടാം ദിനം മിഷൻ വൈസ് പ്രസിഡന്റ് കെയ്‌സി ജോർജ് സാറിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നിന്ന് ചില ദൈവദാസന്മാർ കടന്നു വരികയും അവരിലൂടെ ശക്തമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. വിശ്വാസ സമൂഹത്തിന്റെ മടങ്ങിവരവിന് ആഹ്വാനം ചെയ്യുന്നതും പരിശുദ്ധാത്മാഭിഷേകത്തോടെ ശുശ്രൂഷകൾ ചെയ്യുന്നതിന്റെ ആവശ്യകതയും, വചനത്തിൽ അധ്വാനിച്ചുകൊണ്ട് ഇടയ ശുശ്രൂഷകൾ ചെയ്യണമെന്നും തുടങ്ങിയുള്ള കാതലായ വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള 20 ൽ അധികം ദൈവവചന സന്ദേശങ്ങൾ നൽകുകയും ചെയ്തു. യോഗത്തിന്റെ അവസാന ദിവസം പാദം കഴുകൽ ശുശ്രൂഷയും, യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തെ ധ്യാനിച്ചുകൊണ്ട് തിരുവത്താഴ ശുശ്രൂഷയോടും കൂടി ഉപവാസ പ്രാർത്ഥന യോഗങ്ങൾ പര്യവസാനിച്ചു.





