തോമസ് ജേക്കബ് കണ്ണൂർ
കോത്തല ഫിനിഷിങ് പോയിന്റിലേക്ക്
മൂന്നാമതായി ഓടിയെത്താൻ ഏതാനും വാരകൾ മാത്രം. അപ്പോഴാണ് രണ്ടാമതായി ഓടിക്കൊണ്ടിരുന്ന കൂട്ടുകാരൻ കാൽ തട്ടി വീഴുന്നത് അഭിനവ് കണ്ടത്. അൽപ്പം കൂടി ഓടിയാൽ രണ്ടാം സ്ഥാനം നേടി സമ്മാനം സ്വന്തമാക്കാം. പക്ഷേ നന്മയിലേക്കു കുതിച്ചോടാനായിരുന്നു അവനു ഇഷ്ടം. മത്സരം മറന്നു അവന്റെ കൈകൾ കൂട്ടുകാരന്റെ നേർക്കു നീണ്ടു. വീണു കിടന്ന കൂട്ടുകാരൻ കെ.ആർ.അഭിദേവിനെ പിടിച്ചെഴുന്നേൽപ്പിച്ചു. പൊടി തട്ടി ആശ്വസിപ്പിച്ചു. അപ്പോഴേക്കും പിന്നിലുള്ളവർ ഓടി കയറി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പക്ഷേ അഭിനവ് ടി സുജിത്ത് എന്ന നാലാം ക്ലാസുകാരൻ കണ്ടുനിന്നവരുടെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്. മത്സരം മറന്ന് കൂട്ടുകാരനുവേണ്ടി തോൽവിയേറ്റുവാങ്ങിയ അഭിനവിന്റെ കുരുന്നു നന്മയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് കോത്തല എൻഎസ്എസ് സ്കൂളിലെ അധ്യാപകർ.സ്കൂളിലെ സ്പോർട്സ് ദിനത്തിൽ കിഡീസ് വിഭാഗത്തിൽ 200 മീറ്റർ ഓട്ട മത്സരത്തിലാണ് 4 എ ക്ലാസിലെ വിദ്യാർഥികളായ അഭിനവും അഭിദേവും പങ്കെടുത്തത്.
ഇരുവരും ഉറ്റ കൂട്ടുകാർ. കൂട്ടുകാരുടെ കയ്യടികൾക്കിടയിൽ ഇവർ ട്രാക്കിലൂടെ കുതിക്കുമ്പോഴാണ് മുന്നിൽ ഓടിയ അഭിദേവ് വീഴുകയും അഭിനവ് പിടിച്ചു ഉയർത്തുകയും ചെയ്തത്. അഭിനവിന്റെ നന്മയെ മൈക്കിലൂടെ അനൗൺസ് ചെയ്തു സ്കൂൾ അധികൃതർ ഉടൻ തന്നെ അഭിനന്ദിച്ചു.





