വാർത്ത: എൻ.എസ്. നെല്ലിക്കുന്നം
കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ റീജിയൻ 102-മത് ജനറൽ കൺവെൻഷൻ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ടകം പ്രത്യാശാ നഗറിൽ (ദൈവ സഭാ ഗ്രൗണ്ടിൽ) വെച്ച് നടക്കും. ദൈവ സഭാ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 06.30 ന് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. എഡ്യൂക്കേഷൻ ഡയറക്ടർ റവ. ജോസഫ് ടി സാം അദ്ധ്യക്ഷത വഹിക്കും. മഹായോഗത്തിൽ വേൾഡ് മിഷൻ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി സി തോമസ് മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർമാരായ ബെൻസൻ മത്തായി, ഷാജി കെ ഡാനിയേൽ, ഷിബു തോമസ്, ഏബ്രഹാം ടൈറ്റസ്, ടോമി ജോസഫ്, സണ്ണി താഴംപള്ളം, എബ്രഹാം തോമസ്, രാജൻ ഏബ്രഹാം, എബി എബ്രഹാം, ജയ്‌സ് പണ്ടനാട്, അനീഷ് കാവാലം, കെ ജെ തോമസ്, വർഗീസ് എബ്രഹാം എന്നിവരും ദൈവ സഭയിൽ നിന്നുള്ള അനുഗ്രഹീതരായ ദൈവ ദാസന്മാരും വിവിധ യോഗങ്ങളിൽ ദൈവ വചന പ്രഭാഷണം നടത്തും. ‘യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ’ എബ്രായർ 3:1 എന്നതാണ് കൺവെൻഷൻ ചിന്താവിഷയം. കൺവെൻഷനോട് അനുബന്ധിച്ച് വിശുദ്ധ ആരാധന, സംഗീത ശുശ്രൂഷ, പൊതുയോഗം, ദൈവ വചന പ്രഭാഷണങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് ആൻഡ് സണ്ടേസ്കൂൾ പ്രോഗ്രാം, വനിതാ സമ്മേളനം, സ്നാന ശുശ്രൂഷ, സാംസ്കാരിക സമ്മേളനം, മിഷണറി കോൺഫറൻസ് എന്നിവ നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 26 – ഞായറാഴ്‌ച നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ ജന സാഗരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും.




