Pr shaiju Vellanad
തിരുവനന്തപുരം : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും വാക്കുകൾക്കപ്പുറം വേദനിപ്പിക്കുന്നതുമാണ്. കേരളത്തിൻ്റെ മാനവിക ബോധത്തിന് നേരെ ജാതിവെറിയുടെ വിഷലിപ്തമായ ചിന്തകൾ പ്രത്യക്ഷപ്പെടുന്നത്. അനുവദിക്കാനാവില്ല. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം .
ദുരാചാരക്കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ പുരോഗമന കേരളമെന്ന പേരിന് കളങ്കം വീണിരിക്കുന്നു.
കേരളത്തിലെ ക്യാമ്പസുകളിൽ ജാതിപീഡനങ്ങളില്ലെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അത് കാപട്യം മാത്രമാണ്. ജാതിരഹിത കേരളം എന്ന മുഖം മൂടി അഴിഞ്ഞു വീഴുകയാണ്. പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന വിപ്ലവ വായാടിത്തങ്ങൾ വെറും നനഞ്ഞ പടക്കങ്ങളാണ്.
പ്രശ്നങ്ങൾ പരിഹരിഹരിക്കപ്പെടാനുള്ള ഒന്നാമത്തെ പടി പ്രശ്നമുണ്ടെന്ന് സമ്മതിക്കലാണ്. അത് തിരിച്ചറിയലാണ്. ഭൂരഹിതരില്ലാത്ത, അതിദരിദ്രരില്ലാത്ത, ജാതി വിവേചനങ്ങളില്ലാത്ത ആധുനികകേരളമെന്ന എല്ലാ കപട അവകാശവാദങ്ങളും വെറും വായ്ത്താരികൾ ആണ്.
ഇതൊക്കെയുണ്ടെന്ന് സമ്മതിക്കണം. എന്നാൽ മാത്രമേ, പരിഹാരത്തെ കുറിച്ച് ആലോചിക്കാൻ പോലും നമുക്ക് സാധിക്കുകയുള്ളൂ.
നിതിൻരാജിന്റെ മരണത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണം. ഡോ. റാമിനെ കുറിച്ച് വിദ്യാർഥികൾ തുറന്നു പറഞ്ഞ കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. ജാതി വെറിയും സവർണ്ണബോധവും അലങ്കാരമായി കൊണ്ട് നടക്കുന്ന വ്യക്തിയാണയാൾ എന്നാണ് വെളിപ്പെടുത്തലുകളിൽ നിന്ന് മനസ്സിലാകുന്നത്.
ക്യാംപസുകളിൽ ജാതി – മത വിവേചനങ്ങൾ തടയാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണം.
രാജ്യത്തെ സാമൂഹിക ഘടനയിൽ ജാതീയമായ വേർതിരിവുകൾ സൃഷ്ടിച്ചും ന്യൂനപക്ഷങ്ങളെ അപരവൽക്കരിച്ചും അസമത്വം നിലനിർത്താനാണ് സവർണ്ണ ഒളിഗാർക്കി ശ്രമിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയെ പുനഃസ്ഥാപിക്കാനുള്ള ബ്രാഹ്മണിക്കൽ അജണ്ടയ്ക്കെതിരെ സാമൂഹ്യനീതിയും സാഹോദര്യവുമാണ് ഭരണഘടനയുടെ മറുപടി.
സ്വാതന്ത്ര്യം, നീതി, സാഹോദര്യം എന്നീ ആശയങ്ങൾ ജാതിവിവേചനത്തിനെതിരെയുള്ള കരുത്തുറ്റ നിലപാടുകളാണ്. എന്നാൽ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ജാതിവ്യവസ്ഥയെ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കി ഭരണഘടനാപരമായ സാമൂഹിക ക്രമത്തെ അട്ടിമറിക്കാനാണ് മനുവാദികൾ ശ്രമിക്കുന്നത്.
കേരളം ജാതിരഹിതമാണെന്ന അവകാശവാദങ്ങളെ തിരുത്തുന്നതാണ് സംസ്ഥാനത്ത് തുടർച്ചയായി സംഭവിക്കുന്ന ജാതിക്കൊലകളും ജാതി പീഡനങ്ങളും ദുരഭിമാനക്കൊലയും.
കണ്ണൂർ ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ കൊലയും ആദിവാസി യുവാവായ മധുവിന്റെയും വാളയാറിലെ പെൺകുട്ടികളുടെയും കൊലപാതകങ്ങളും കേരളത്തിലെ ശക്തമായ ജാതിവെറിയുടെ നേർചിത്രങ്ങളാണ്.
കേവലം നിയമ നിർമ്മാണങ്ങൾ കൊണ്ടോ ഭരണകൂട ഇടപെടലുകൾ കൊണ്ടോ മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്ന് ഈ സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു.
സാഹോദര്യത്തിൽ അധിഷ്ഠിതമായ ബന്ധങ്ങളും നീതിപൂർവ്വമായ പോരാട്ടങ്ങളും വഴി മാത്രമേ സമത്വസുന്ദരമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കൂ. വിവേചനങ്ങളെ ഇല്ലാതാക്കാൻ ഭരണഘടനയുടെ രാഷ്ട്രീയം ആർജ്ജവത്തോടെ നടപ്പിലാക്കാൻ സ്റ്റേറ്റ് തയ്യാറാകണം. ഒരാൾ മരിച്ചശേഷം കുറെ പണം കൊടുക്കുന്നതോ വീട് വച്ച് കൊടുക്കുന്നതോ അല്ല പരിഹാരം. നിഥിൻ്റെ മരണത്തിന് കാരണം വീടില്ലാത്തതും ദാരിദ്ര്യവും അല്ല. വിഷയത്തെ അങ്ങനെ ന്യൂനീകരിക്കരുത്.
കേരളത്തിന് അംഗീകരിക്കാനാവാത്ത ജാതിബോധത്തിന്റെ ജീർണതകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സാമൂഹ്യ ഇടപെടൽ അനിവാര്യമാണ്. മകനെ പഠിപ്പിച്ച് മികച്ച നിലയിലെത്തിക്കാനുള്ള കുടുംബത്തിൻ്റെ ശ്രമത്തിനൊപ്പം മുന്നേറിയ മിടുക്കനാണ് നിതിൻ. നിതിന്റെ കുടുംബാംഗങ്ങളെ കണ്ടു. അവരുടെ വേദനയിൽ പങ്കുചേർന്നു.
ആ കുടുംബത്തിൻ്റെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) നെടുമങ്ങാട് ഭാരവാഹികളായ പ്രസിഡൻ്റ് പാസ്റ്റർ ഷൈജു വെള്ളനാട്, സെക്രട്ടറി പാസ്റ്റർ സുനിൽ കൃഷ്ണൻ, വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.








