എൻ എസ് നെല്ലിക്കുന്നം
കുട്ടനാട്:
യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ (യു.പി.സി) ഇടത് മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ, എതിര്പ്രസ്താവനകളുമായി രംഗത്തെത്തിയ ചില സംഘടനകളെതിരെ യു.പി.സി നേതൃത്വം ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. പെന്തകോസ്ത് പ്രസ്ഥാനത്തോടുള്ള യാതൊരു യഥാർത്ഥ പ്രതിബദ്ധതയും ഇല്ലാത്തവരാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതെന്നാണ് നേതാക്കളുടെ ആരോപണം.
യു.പി.സി യുടെ വളർച്ചയിൽ അസ്വസ്ഥരായ ചിലർ സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നും നേതൃത്വം ആരോപിച്ചു. ആരുടെയും സാമ്പത്തിക സഹായം ആശ്രയിക്കാതെ, സ്വന്തം വിയർപ്പിന്റെ ഫലമായാണ് സംഘടന മുന്നോട്ട് പോകുന്നതെന്നും, താലൂക്ക് തലത്തിൽ നിന്ന് പ്രവർത്തകർ വരെ തങ്ങളുടെ വ്യക്തിഗത പങ്കാളിത്തംകൊണ്ടാണ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതെന്നും അവർ വ്യക്തമാക്കി.
പാരമ്പര്യ സഭകളെക്കാൾ അംഗബലം സ്വതന്ത്ര സഭകളിലാണ് കൂടുതലെങ്കിലും, അവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ തയ്യാറാകാത്ത ചില “വല്യേട്ടൻ” മനോഭാവമുള്ള നേതാക്കളാണ് ഇന്ന് വിമർശനവുമായി മുന്നോട്ട് വരുന്നതെന്ന് യു.പി.സി കുറ്റപ്പെടുത്തി. സാധാരണ വിശ്വാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ, വേദികളും സൗകര്യങ്ങളും മാത്രമാണ് മുൻഗണന നൽകുന്നതെന്നുമാണ് വിമർശനം.
പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്ന ഈ നേതാക്കൾ, അവശത അനുഭവിക്കുന്ന വിശ്വാസികളെ നേരിൽ കാണുകയോ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്തിട്ടില്ലെന്നും യു.പി.സി ആരോപിച്ചു. “പെന്തകോസ്ത്” എന്ന പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ സമൂഹത്തിന് എന്താണ് യഥാർത്ഥ സംഭാവന നൽകിയതെന്നത് പൊതുസമൂഹം വിലയിരുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം, യു.പി.സിക്കെതിരെ പ്രസ്താവന ഇറക്കിയ സംഘടനകളുടെ അധികാരികതയും നേതൃത്വം ചോദ്യം ചെയ്തു. അവ രജിസ്റ്റർ ചെയ്ത സംഘടനകളാണോ? നിയമപരമായ അംഗീകാരം ഉണ്ടോ? എന്ന കാര്യങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കണമെന്ന് യു.പി.സി ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ചില സംഘടനകളാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതെന്നും അവർ ആരോപിച്ചു.
രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ പിന്നിലുള്ള യാഥാർത്ഥ്യങ്ങളും സാമ്പത്തിക ഇടപാടുകളും പുറത്തുകൊണ്ടുവരുമെന്നും യു.പി.സി നേതൃത്വം മുന്നറിയിപ്പ് നൽകി. പെന്തകോസ്ത് സമൂഹത്തെ വിഭജിച്ച് വ്യക്തിപരമായ നേട്ടങ്ങൾ ലക്ഷ്യമിടുന്ന സമീപനമാണ് ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിലെന്നും ദേശീയ ട്രഷറർ പാസ്റ്റർ സുരൻ വ്യക്തമാക്കി.
യു.പി.സി യാതൊരു രാഷ്ട്രീയ പാർട്ടികളുടെയും ചട്ടുകമല്ലെന്നും, ഇടത് മുന്നണി ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിലിരിക്കുമ്പോഴും പെന്തകോസ്ത് സഭകൾക്കും സുവിശേഷ പ്രവർത്തകർക്കും സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ ലക്ഷക്കണക്കിന് പെന്തകോസ്ത് വിശ്വാസികൾ ഉള്ളതോടൊപ്പം, പലരും രഹസ്യമായി വിശ്വാസം പാലിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നും യു.പി.സി ചൂണ്ടിക്കാട്ടി. ചില നേതാക്കളുടെ ഏകാധിപത്യ സമീപനവും വിശ്വാസികളുടെ സംരക്ഷണത്തിൽ ഉള്ള വീഴ്ചയുമാണ് ഇതിന് കാരണമെന്നും ആരോപിച്ചു.
സുവിശേഷ പ്രവർത്തനങ്ങളും സഭകളുടെയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യു.പി.സി വ്യക്തമാക്കി.
യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റവും ദേശീയ ട്രഷറർ സുരൻ സിനായിയും സംയുക്ത പ്രസ്താവനയിൽ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു.




