Home Daily news *വയനാട് ചൂരൽമലയിൽ വൻ ഉരുൾപൊട്ടൽ, നിരവധി മരണം, രക്ഷാപ്രവർത്തനം നടക്കുന്നു*

*വയനാട് ചൂരൽമലയിൽ വൻ ഉരുൾപൊട്ടൽ, നിരവധി മരണം, രക്ഷാപ്രവർത്തനം നടക്കുന്നു*

0

വാർത്ത: – കെ.റ്റി ജോസഫ് പാലക്കാട്

വയനാട്: കൽപ്പറ്റ മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടല്‍. 7 പേർ മരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്ന് 4.10ഓടെ കല്‍പ്പറ്റയിലും ഉരുൾപൊട്ടി.നിരവധി കുടുംബങ്ങൾ മണ്ണിനടിയിലെന്നാണ് ലഭിക്കുന്ന വിവരം. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയി. ചൂരല്‍മല ടൗണിലും വ്യാപക നാശനഷ്‌ടങ്ങളുണ്ട്.ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്.
സംഭവസ്ഥലത്തേയ്‌ക്ക് എത്തിപ്പെടാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിലവിൽ ഫയർഫോഴ്‌സ്, എൻഡിആർഎഫ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവൻ രക്ഷാസംഘങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും റോഡും പാലവും തകർന്നു.
റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ അപകട മേഖലയിലേക്ക് എത്തിച്ചേരുന്നത് ദുഷ്‌കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ ഹെലികോപ്റ്റർ മാർഗം ഉടൻ വയനാട്ടിലേക്ക്. മന്ത്രി ഒ ആർ കേളു, കെ. രാജൻ എന്നിവർ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് ഉടൻ പുറപ്പെടും. താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കുന്നതിൻ്റെ ഭാഗമായാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here