ജി.എം റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ
പാലക്കാട് സ്വകാര്യ എസ്റ്റേറ്റിലെ വൈദ്യുത കേബിളിൽ നിന്നു ഷോക്കേറ്റ് രണ്ടര വയസ്സുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞു. മലമ്പുഴ ആനക്കൽ എലാക്ക് എസ്റ്റേറ്റിൽ ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. അമ്മയാനയ്ക്കും മറ്റു 4 ആനകൾക്കും ഒപ്പമെത്തിയ കുട്ടിയാന, തറയിലൂടെ പോകുന്ന കേബിളിൽ കടിക്കുകയായിരുന്നു.രാവിലെ 7.30നു തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. ഇവ വിറളിപൂണ്ടു നടക്കുന്നതു കണ്ടു സംശയം തോന്നി അടുത്തു ചെന്നപ്പോഴാണു കുട്ടിയാന ചരിഞ്ഞതു കണ്ടത്. ഉടനെ സമീപവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വനംവകുപ്പ് അധികൃതർ എത്തിയപ്പോഴും മറ്റ് ആനകൾ കുട്ടിയാനയുടെ ചുറ്റുമുണ്ടായിരുന്നു

ചരിഞ്ഞ കുട്ടിയാനയെ എഴുന്നേല്പിക്കാൻ അമ്മയാന നടത്തിയ ശ്രമങ്ങൾ കണ്ടു നിന്നവർക്കു വേദനയായി. ആളുകൾ കൂടിയതോടെ ആനകൾ കാട്ടിലേക്കു തിരികെക്കയറി. കൂട്ടത്തിൽ മറ്റൊരു കുട്ടിയാനയും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
മാതൃ സ്നേഹം പകരം വയ്ക്കാൻ ഇല്ല മൃഗങ്ങളിലും..
അമ്മയാന തട്ടിയും തുമ്പിക്കൈ കൊണ്ട് തലോടിയും തന്റെ കുഞ്ഞിനെ എഴുനേൽപ്പിക്കാൻ നോക്കി. അടുത്ത തോട്ടിൽ നിന്നും തുമ്പിക്കൈയിൽ വെള്ളം കൊണ്ടുവന്നു വായിലും മുഖത്തും തളിക്കുന്ന രംഗങ്ങളും കണ്ണീരോടെ നോക്കി നിന്നു ജനം…ഒടുവിൽ അതും ഫലിക്കാതെ വന്നപ്പോൾ ആ അമ്മയാന കണ്ണീരോടെ കാട്ടിലേക്കു മടങ്ങി




