വാർത്ത:- ഷാജി വർഗീസ് കലയപുരം
ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണത്തിനുള്ള നടപടികളുമായി പൊലിസ് രംഗത്ത്. ഇതിൻ്റെ ഭാഗമായി വിവിധ പള്ളികളിൽ കഴിഞ്ഞദിവസങ്ങളിൽ പൊലിസ് എത്തി ഭാരവാഹികൾക്ക് മുന്നറിയിപ്പ് നോട്ടിസ് കൈമാറി. ലൗഡ് സ്പീക്കറുകൾ ഏഴ് ദിവസത്തിനകം നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടിസിലെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ചേർന്ന പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇത്തരത്തിൽ ആരാധനാലയങ്ങൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകുന്നതെന്നാണ് സൂചന. ശബ്ദമലിനീകരണത്തിന് എതിരായ ഹർജികൾ പരിഗണിച്ച ഹൈക്കോടതി ഇത്തരത്തിലുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചിരുന്നു. എന്നാൽ പല ആരാധനാലയങ്ങളിലും ഇപ്പോഴും ഇത് ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ചിലർ പൊലിസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എത്ര ആരാധനാലയങ്ങളിൽ ഇപ്പോൾ ഇത്തരത്തിലുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നുണ്ട് എന്ന് വിവരാവകാശ നിയമം അനുസരിച്ച് പൊലിസ് ആസ്ഥാനത്ത് ചോദ്യം ലഭിച്ചത്.
ഇതേത്തുടർന്നാണ് ഊർജിത നീക്കവുമായി പൊലിസ് രംഗത്തിറങ്ങിയത്.
മസ്ജിദുകൾ,അമ്പലങ്ങൾ,ചർച്ചുകൾ തുടങ്ങിയ ആരാധനാലയങ്ങൾക്ക് നോട്ടിസ് നൽകുമെന്ന് പൊലിസ് വൃത്തങ്ങൾ സൂചന നൽകി. എറണാകുളത്ത് വിവിധ മുസ് ലിം പള്ളികൾക്ക് ഇതിനകം ഇത്തരത്തിൽ നോട്ടിസ് ലഭിച്ചിട്ടുമുണ്ട്.





