NS നെല്ലിക്കുന്നം ജി.എം ന്യൂസ് റിപ്പോർട്ടർ
കുട്ടികള്‍ക്കു നേരെയുള്ള ഫ്രാന്‍സിലെ പുരോഹിതന്മാരുടെ ലൈംഗികപീഡനത്തില്‍ മനംനൊന്ത് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു. പീഡനക്കേസുകളില്‍ പള്ളിയിലെ ജീവനക്കാരും കുറ്റവാളികളാണ്. ഇപ്പോഴത്തെ സംഭവങ്ങളിലല്ല ഖേദപ്രകടനം. 1950 മുതലിങ്ങോട്ട്, അതായത് 70 വര്‍ഷത്തെ പീഡനങ്ങള്‍ക്കാണ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.ഇരകളിലേറെയും ആണ്‍കുട്ടികളാണ്. പീഡനങ്ങളുടെ നിജസ്ഥിതി അറിയാന്‍ നിയമിച്ച സ്വതന്ത്രസമിതിയുടെ റിപ്പോര്‍ട്ടില്‍ 3200 കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. 1950 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ സഭയെ മുന്നില്‍ നിന്ന് നയിച്ച പുരോഹിതന്മാരും മറ്റു ചുമതല വഹിച്ച വിശ്വാസികളുടെയും എണ്ണം ഒന്നര ലക്ഷത്തോളം വരും. ഇവരില്‍ ചിലരാണ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തത്. ദൃക്‌സാക്ഷികള്‍, പള്ളികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പഠിച്ചിരുന്നവര്‍, പോലീസ്, മാധ്യമങ്ങള്‍, കോടതി എന്നിവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന് രണ്ടര വര്‍ഷമെടുത്തു.
ഈ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇത്രയുംകാലം താമസിച്ചതില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് മാര്‍പാപ്പ കുട്ടികള്‍ക്കെതിരെ നടന്ന പീഡനത്തില്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്.
സഭയുടെ അദ്ധ്യക്ഷന്‍ ഏകഭാര്യയുടെ ഭര്‍ത്താവായിരിക്കണമെന്ന് ബൈബിള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. പൗലൂസ് ശ്ലീഹായാണ് ഇത് അടിവരയിട്ട് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ത്താവിന്റെ ശിഷ്യന്മാരും അപ്പോസ്തലന്മാരും വിവാഹിതരായിരുന്നു. ”വിവാഹം കഴിക്കാതിരിക്കുന്നത് നല്ലത്, എന്നാല്‍ ദുര്‍ന്നടപ്പ് ഒഴിവാക്കാന്‍ വിവാഹം അനിവാര്യമാണ്” എന്നാണ് സെന്റ് പോളിന്റെ പ്രഖ്യാപനം.
1തിമോ. 3:2-4 വായിക്കുക. ”എന്നാല്‍ അദ്ധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും…. സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണഗൗരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കണം. സ്വന്തകുടുംബത്തെ ഭരിക്കാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും.” വിവാഹം കഴിക്കാതെ പുരോഹിതന്മാര്‍ സന്യാസജീവിതം നയിക്കുന്നത് തെറ്റല്ല. എന്നാല്‍ വിവാഹം കഴിച്ച് ഭദ്രമായ കുടുംബജീവിതം നയിക്കുന്നവരാണ് പുരോഹിതര്‍ ആകേണ്ടത് എന്നാണ് ബൈബിള്‍ പറയുന്നത്.





