വാർത്ത: എന്നെസ് നെല്ലി ക്കുന്നo
ഇന്ന് അബലപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തില്‍ 4 പേർ മരിച്ചു. ദേശീയ പാതയില്‍ പായല്‍കുളങ്ങരയില്‍ ആണ് വാഹനാപകടം ഉണ്ടായത്. കാറും ചരക്ക് ലോറിയും കുട്ടിയിടിച്ചായിരുന്നു അപകടം. മരിച്ച നാല് പേരും കാറിലുണ്ടായിരുന്നവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കാറിനുള്ളിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടേയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആനാട് നിന്നും പുലർച്ചേ ഒരു മണിയോടെയാണ് ഇവർ എയർ പോർട്ടിലേക്ക് പുറപ്പെട്ടത്. സുധീഷ് ലാലിൻ്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാൻ പോകുകയായിരുന്നു ഇവർ.
വിമാനത്താവളത്തിലേക്ക് പോകും വഴി എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരേയും പുറത്തെടുത്തത് അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.






