സുനിൽ ഒറ്റപ്പാലം
മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ 18 ഫാർമ കമ്പനികളുടെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കി. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) 76 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. മരുന്നിന്റെ ഗുണനിലവാരം കുറഞ്ഞതിന് 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായാണ് വിവരം.
കഴിഞ്ഞ 15 ദിവസത്തോളമായി വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തി വരികയായിരുന്നു. മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിലായി ഡിജിസിഎ പരിശോധന നടത്തി. കേന്ദ്ര സംസ്ഥാന സംഘങ്ങൾ സംയുക്തമായാണു പരിശോധന നടത്തിയത്. ഇന്ത്യൻ മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു പരശോധന. കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡസ് ലൈഫ് സയൻസ് എന്ന കമ്പനി 55,000 മരുന്നുകൾ യുഎസ് വിപണിയിൽനിന്ന് തിരിച്ചു വിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
കഴിഞ്ഞ വർഷം, ഡൽഹി ആസ്ഥാനമായുള്ള ഒരു സ്ഥാപനം നിർമ്മിച്ച ചുമ സിറപ്പുകൾ ഗാംബിയയിൽ നിരവധി കുട്ടികളുടെ മരണത്തിന് കാരണമായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗാംബിയയിൽ 70 ഓളം കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കമ്പനിയുടെ നാല് ചുമ സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പും നൽകിയിരുന്നു.






