കണ്ണൂരിൽ നിന്നും തോമസ് ജേക്കബ്
ഓട്ടോഡ്രൈവറെ അടിച്ചുതകർത്തിട്ടും കലിയടങ്ങാതെ കാട്ടാന വലിച്ചു പുറത്തിട്ട് ചവിട്ടാൻ ശ്രമിച്ചു. തേയിലച്ചെടികൾക്കി ടയിലേക്ക് ഇഴഞ്ഞു കയറി യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാർ വാലിയിൽ താമസക്കാരനുമായ ആന്റണി
റിച്ചാർഡ് (29) ആണ് ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വേൽമുടി ബംഗ്ലാവിനു സമീപമായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാത്രി 9 ന് കുറ്റിയാർ വാലി റൂട്ടിൽ സ്വന്തം ഓട്ടോയിൽ തനിച്ച് വീട്ടിലേക്കു പോകുകയായിരുന്നു പാതയോരത്ത് മറഞ്ഞുനിന്ന ഒറ്റയാൻ റിച്ചാർഡിന്റെ മുന്നിൽ പോയ ജീപ്പിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ
വേഗം കൂട്ടിയതിനാൽ രക്ഷപ്പെട്ടു.
ഇതോടെ പിന്നിൽ വന്ന ഓട്ടോയെ തകർക്കുകയായിരുന്നു.
ആനയുടെ കണ്ണിൽ പെടാതെ റിച്ചാർഡ് ഓട്ടോയിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈ നെഞ്ചിൽ ചുറ്റിവലിച്ച് വെളിയിലേക്ക് ഇട്ടു. തേയിലച്ചെടികളുടെ ചുവട്ടിലേക്കാണ് റിച്ചാർഡ് വീണത്. പെട്ടെന്നു തന്നെ ചെടികളുടെ ഇടയിലേക്ക് നൂഴ്ന്നു നീങ്ങിയതിനാൽ ആനയുടെ കണ്ണിൽ പെട്ടില്ല. വീഴ്ചയിൽ നടുവിനും വലതുകാലിനും ഗുരുതര
പരുക്കേറ്റിരുന്നു.
പിന്നിലെ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഈ ആക്രമണം കണ്ട് വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഒരു മണിക്കൂറിനു ശേഷം ഇവർ സംഘടിച്ച് എത്തിയാണ് തേയിലച്ചെടികൾക്കിടയിൽ റിച്ചാർഡിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.




