കണ്ണൂരിൽ നിന്നും ന്യൂസ് റിപ്പോർട്ടർ:- തോമസ് ജേക്കബ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മലയിടിച്ചിലുണ്ടായി. മണിക്കൂറുകൾ നീണ്ട മഴയിൽ കുറ്റ്യാടി ചുരത്തിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.
അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വളരെ ചെറിയ സമയം കൊണ്ട് വലിയ തോതിൽ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗൺ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ കടകളിൽ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.


അതേസമയം കോഴിക്കോട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ വലിയ തോതിൽ വെള്ളം പെയ്തിറങ്ങുന്നു എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് വെള്ളക്കെട്ട് ഉണ്ടാക്കുന്നു എന്നത് ഏറെ ആശങ്ക പടർത്തുന്നുണ്ട്.
അടിവാരം ടൗണിൽ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.
മണിക്കൂറുകൾ നീണ്ട മഴയിൽ കുറ്റ്യാടി ചുരത്തിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. വെള്ളുവം കുന്ന് മലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് വയനാട് റോഡിലേക്ക് കല്ലും മണ്ണും ഒലിച്ചെത്തി ഗതാഗതം പൂർണമായും സ്തംഭിച്ചു.
ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടുനിന്നതോടെയാണ് ഉരുൾ പൊട്ടിയത്. മൂന്നാം വളവിൽ മണ്ണിടിച്ചിലുണ്ടായി , മരം വീഴുകയും ചെയ്തു. ഇതോടെ പലരും വഴിയിൽ പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചതായി കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാസ്റ്റർ പറഞ്ഞു.
പത്ത് കുടുംബങ്ങളെ ചാത്തൻകോട്ട് നട സ്കൂളിലും പൂതംപാറ സ്കൂളിലുമായി താൽക്കാലികമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.





