തോമസ് ജേക്കബ് കണ്ണൂർ
ചുട്ടു പൊള്ളുന്ന വേനലിൽ വനത്തിലെ ജീവജാലങ്ങൾക്ക് ജല ഉറവിടമൊരുക്കി തൊഴിലാളി കൂട്ടായ്മ. പാലക്കാട് ആനമൂളി പൂഞ്ചോല വനമേഖലയിലാണ് അഞ്ച് ബ്രഷ് ഫുഡ് ചെക്ക് ഡാമുകൾ നിർമിച്ചത്. ഊരാളുങ്കൾ സൊസൈറ്റിയിലെയും ദേശീയപാത നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളും സംയുക്തമായാണ് വനം വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കിയത്. നാടെങ്ങും ചുട്ടു പൊള്ളുന്നു. കുടിവെള്ളം തേടി പലരും കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥ. വനത്തിലും സ്ഥിതി വ്യത്യസ്തമല്ല. വേനൽ കനത്തതോടെ വന്യമൃഗങ്ങൾ കൂട്ടമായി ജനവാസ മേഖലയിലേക്കിറങ്ങുകയാണ്. അവരുടെയും ലക്ഷ്യം ശുദ്ധജലമാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് തൊഴിലാളി കൂട്ടായ്മ വനത്തിനുള്ളിൽത്തന്നെ ജല ഉറവിടമൊരുക്കാൻ തീരുമാനിച്ചത്. കമ്പുകൾ നിരത്തി പനയോലകൾ അടുക്കി സ്വാഭാവിക ചെക് ഡാം നിർമാണം. പ്രകൃതിക്ക് യാതൊരു കോട്ടവും വരാത്ത മട്ടിൽ അഞ്ചിടങ്ങളിൽ ജലസംഭരണി തയാർ. പൂഞ്ചോല ചോലകൾ ഇനി തടയണയിലേക്കെത്തും.
വനത്തിലെ സഹ ജീവികൾക്കൊരു കൈത്താങ്ങ് എന്ന ആശയം മുൻനിർത്തിയായിരുന്നു ദേശീയ സുരക്ഷാ വാരത്തിന്റെ ഭാഗമായുള്ള ഡാം നിർമാണം. നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. റോഡും പാലവും നിർമിച്ച് മികവറിയിച്ച ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലെ തൊഴിലാളികൾ നേതൃത്വം നൽകി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായവരും പങ്കെടുത്തു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി വനംവകുപ്പും ഉദ്യമത്തിനൊപ്പം നിന്നു.




