തോമസ് ജേക്കബ് കണ്ണൂർ
താനൂരിലെ ബോട്ട് ദുരന്തത്തിൽ 22 ജീവൻ പൊലിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്കെത്തും. താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ സർക്കാർ പരിപാടികൾ റദ്ദാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.എ മുഹമ്മദ് റിയാസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും എ.കെ.ശശീന്ദ്രനും കെ.രാജനും താനൂരിലേക്ക് തിരിച്ചു.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നായി കൂടുതൽ ആരോഗ്യപ്രവർത്തകരെ താനൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അറ്റ്ലാന്റിക് എന്ന് പേരുള്ള ബോട്ട് പൂരപ്പുഴയുടെ അഴിമുഖത്ത് മറിഞ്ഞത്. ഓടിയെത്തിയ മൽസ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വെളിച്ചമില്ലാത്തത് രക്ഷപ്രവർത്തനത്തെ ദുഷ്കരമാക്കി



പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സ (7), ഹസ്ന (18), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസൻ (4), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (10), പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), കുന്നുമ്മൽ ആവയിൽ ബീച്ച് റസീന, പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38), പുതിയ കടപ്പുറം കുന്നുമ്മൽ വീട്ടിൽ ഷംന കെ (17), മുണ്ടുംപറമ്പ മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7) ഒട്ടുംപുറം കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സഹറ, പരപ്പനങ്ങാടി സൈതലവിയുടെ മകൾ സഹ്ല ഷെറിൻ, ചെട്ടിപ്പടി വെട്ടിക്കൂട്ടിൽ വീട്ടിൽ ആദിൽ ഷെറി, ചെട്ടിപ്പടി അയിഷാ ബി, വെട്ടിക്കാട്ടിൽ വീട്ടിൽ അർഷൻ, പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സീനത്ത് (45), വെട്ടിക്കൂട്ടിൽ വീട്ടിൽ അദ്നാൻ (9) എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിത്.




