തോമസ് ജേക്കബ് കണ്ണൂർ
കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്.
ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഒടുവിൽ ലഭിച്ച മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടം ഉണ്ടായത്.

വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.
വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കാണാതായ രണ്ട് പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്നലെ രാത്രിയോടെ പ്രദേശത്ത് ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ് ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യു വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘം സ്ഥലത്തുണ്ട്.





