ജി.എം ന്യൂസിന് വേണ്ടി റിപ്പോർട്ടർ:- പോൾ രഞ്ചിത്ത് തിരുവനന്തപുരം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വികസിപ്പിച്ച വാക്സിനുകളില്‍ ഒന്നാണ് ഇന്ത്യന്‍ നിര്‍മ്മിത കോവാക്സിന്‍. ഈ വാക്സിന് അടിയന്തര ഉപയോഗാനുമതി ഇന്ത്യയിലുണ്ടെങ്കിലും മറ്റ് വിദേശ രാജ്യങ്ങളില്‍ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കേണ്ടത് ലോകാരോഗ്യ സംഘടനയാണ്. ഇന്ന് സംഘടനയുടെ ഉപദേശക സമിതി യോഗം ചേരുന്ന സാഹചര്യത്തില്‍ വാക്സിന് അനുമതി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഏപ്രില്‍ 19 നാണ് കോവാക്സിന്റെ നിര്‍മ്മാതാക്കാളായ ഭാരത് ബയോടെക്ക് വിദേശ രാജ്യങ്ങളിലെ അടിയന്തര ഉപയോഗ അനുമതിക്കായി ലോകാരോഗ്യ സംഘടനയെ സമീപിക്കുന്നത്. എന്നാല്‍ സംഘടന വാക്സിന്റെ പരീക്ഷണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഭാരത് ബയോടെക്ക് നല്‍കിയെങ്കിലും അനുകൂലമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
അമേരിക്ക, യുറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗാനുമതി ഇല്ലാത്ത സാഹചര്യത്തില്‍ കോവാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വിദേശ യാത്രകളില്‍ നിരവധി തടസങ്ങള്‍ നേരിടുന്നുണ്ട്. വാക്സിന് അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇറ്റലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ വാക്സിനുകള്‍ക്ക് ഗ്ലോബല്‍ റെഗുലേറ്ററി ബോഡിയുടെ അംഗീകാരം ലഭിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ അന്താരാഷ്ട്ര യാത്രകള്‍ തടസ രഹിതമാക്കാനും കൂടുതല്‍ രാജ്യങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.




