ന്യൂസ് റിപ്പോർട്ടർ : തോമസ് ജേക്കബ് കണൂർ

ചെന്നൈ: ക്ലാസ് മുറിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. ചിദംബരത്തിനടുത്ത ഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനായ സുബ്രമണ്യം (45) ആണ് പ്രതി.
പതിവായി ക്ലാസ് കട്ട് ചെയ്തിരുന്ന വിദ്യാർഥിയെ മുട്ടുകുത്തി നിർത്തിച്ച് മുടിയിൽ പിടിച്ച് തുടർച്ചയായി ചൂരൽ കൊണ്ട് തല്ലുകയും കാലിൽ ചവിട്ടുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി.. ചില വിദ്യാർഥികളെ നിലത്തും ഇരുത്തിയിരുന്നു.
ഒക്ടോബർ 13 നായിരുന്നു സംഭവം. ക്ലാസിലെ വിദ്യാർഥിയാണ് മൊബൈൽഫോണിൽ വിഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് താല്പര്യമുള്ള വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായാൽ മതിയെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കവെയാണ് അധ്യാപകൻറ ശിക്ഷാനടപടി.
രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും സംഭവത്തിൽ പ്രതിഷേധിച്ചതോടെ കടലൂർ ജില്ല കലക്ടർ കെ.ബാലസുബ്രമണ്യംഅന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ ചിദംബരം പൊലീസ് കേസ് രജിസ്റ്റർ ചെയ് തത്.
അറസ്റ്റിലായ സുബ്രമണ്യത്തെ കടലൂർ ജയിലിൽ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ ക്ലാസുകളുള്ള സ്കൂളിൽ 500ലധികം വിദ്യാർഥികളാണ് പഠിക്കുന്നത്.



