സ്പെഷ്യൽ റിപ്പോർട്ടർ ജി.എം ന്യൂസ്
ഭോപ്പാൽ: സ്വന്തം മക്കളെ ജീവൻകൊടുത്തും സംരക്ഷിക്കാൻ ഒരു അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. അത്തരമൊരു
ജീവന്മരണ പോരാട്ടത്തിലൂടെയാണ് പുലിയുടെ വായിൽ അകപ്പെട്ട മകനെ മധ്യപ്രദേശിലെ ഈ അമ്മ രക്ഷപ്പെടുത്തിയത്. സിദ്ധി ജില്ലയിലെ സഞ്ജയ് ഗാന്ധി ദേശീയ പാർക്കിന് സമീപമുള്ള ഗ്രാമത്തിലാണ് ഒരു ആദിവാസി സ്ത്രീ തൻറെ മകനെ കടുത്ത പോരാട്ടത്തിനൊടുവിൽ പുലിയുടെ വായിൽ നിന്ന് രക്ഷിച്ചത്.

ദേശീയോദ്യാനത്തിന് സമീപം സംരക്ഷിതമേഖലയിലെ ബാഡി ജിരിയ ഗ്രാമത്തിലാണ് കിരണും കുട്ടികളും താമസിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഭർത്താവ് മടങ്ങിവരുന്നതും കാത്ത് തന്റെ കുടിലിന് പുറത്ത് തീകാഞ്ഞ് ഇരിക്കുകയായിരുന്നു കിരണും മക്കളും. ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മടിയിലുണ്ട്. ആറുവയസ്സുള്ള രാഹുലും അവൻറെ രണ്ട് സഹോദരങ്ങളും ഒപ്പമുണ്ട്. ഇതിനിടയിലാണ് പുളളിപുലി രാഹുലിനേയും കടിച്ചുകൊണ്ട് കാട്ടിലേക്ക് കുതിച്ചത്.തന്റെ കൺമുന്നിൽ നിന്ന് ആറു വയസുകാരനായ മകനെ പുലി കടിച്ചെടുത്ത് ഓടിയപ്പോൾ മനഃസാന്നിധ്യം നഷ്ടപ്പെട്ടില്ല ബൈഗ ഗോത്രത്തിൽപ്പെട്ട കിരണിന്. ചെറിയ കുഞ്ഞിനെ മൂത്ത കുട്ടിയുടെ അടുത്തേൽപ്പിച്ച് കിരൺ പുലിക്ക് പിന്നാലെ കാട്ടിലേക്ക് പാഞ്ഞു.ഒരു കിലോമീറ്ററിലധികം കാട്ടിലൂടെ പുലിയെ പിന്തുടർന്നു. വടിയുപയോഗിച്ച് പുലിയെ നേരിട്ടു. ശബ്ദമുണ്ടാക്കി പുലിയെ ഭയപ്പെടുത്താൻ ശ്രമിച്ചു. കുഞ്ഞിനെ തിരിച്ചുകിട്ടാൻ തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്തു. അതിനിടയിൽ പുലിയുടെ ആക്രമണത്തിൽ ദേഹമാസകലം അവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ കുഞ്ഞിനും തനിക്കും ആഴത്തിലുള്ള മുറിവുകളേറ്റിട്ടും രക്തം ഒഴുകിയിട്ടും അവർ വിട്ടില്ല. ഒടുവിൽ പുലിയുടെ വായിൽ കുരുങ്ങിയ മകനെയും വീണ്ടെടുത്ത് അവർ തിരിച്ചു നടന്നു. നിരായുധയായി പുള്ളിപ്പുലിയെ നേരിട്ട് മകനെ രക്ഷിച്ചതിന്റെ ശേഷിപ്പുകളായി അവരുടെ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകൾ.
കിരണിന്റെ ധൈര്യത്തെയും നിശ്ചയധാർഠ്യത്തെയും പുകഴ്ത്തി മുഖ്യമന്ത്രി
ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു. സംസ്ഥാന വനംവകുപ്പ് കിരണിന്റെയും മകന്റെയും ചികിത്സാ ചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.




