GM. News :
കവൻട്രി: ആറു മാസം മുൻപ് യു.കെയിൽ ബ്ലാക്ബേണിൽ എത്തിയ എലിസബത്ത് മാണിക്ക് (26 വയസ്സ്) ആകസ്‌മിക മരണം. രണ്ടാഴ്‌ച മുൻപ് ഗർഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തിൽ കഴിഞ്ഞ യുവതി വീട്ടിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് ലീഡ്‌സിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് കരളിൽ പടർന്ന് പിടിച്ച ക്യാൻസർ അവസാന ഘട്ടത്തിലാണെന്ന് തിരിച്ചറിയുന്നത്. രോഗം പുറമേയ്ക്ക് ഒരു ലക്ഷണവും കാട്ടാതിരുന്നതിനാലാണ് കണ്ടെത്താനാകാതെ പോയത്. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്നലെ മരണം സ്ഥിരീകരിക്കുന്നതും. ചെറു പ്രായത്തിൽ മരണത്തിന് കീഴടങ്ങുന്നവർ അപൂർവം ആയതിനാൽ എലിസബത്തിന്റെ മരണം കുടുംബത്തോടൊപ്പം യു.കെയിലെ മലയാളി സമൂഹത്തിനും വേദനയായി മാറുകയാണ്.
രണ്ടു വർഷമായി യുകെയിൽ നഴ്‌സായ ജോലി ചെയ്യുന്ന ഭർത്താവ് റോഫി ഗണരാജിന്റെ ഡിപെൻഡൻ്റ് വിസയിലാണ് എലിസബത്ത് യു.കെ യിൽ എത്തുന്നത്. എലിസബത്ത് ജോലി ഒന്നും ചെയ്തിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. എലിസബത്തിൻ്റെ കുടുംബം ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. നടപടി ക്രമങ്ങൾ പൂർത്തിയായി മൃതദേഹം വിട്ട് കിട്ടുന്ന മുറക്ക് നാട്ടിൽ എത്തിച്ചു സംസ്കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്. ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.




