ജി. പി. കുറ്റിച്ചൽ
കോഴിക്കോട്: ചക്കിട്ടപ്പാറ സ്വദേശി മെൽവിൻ പി എബ്രഹാമാണ് മരിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് മെൽവിൻ അപകടത്തിൽ മരിച്ചതെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. ജോഷിമഠിലെ ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
ജോഷിമഠിലെ മണ്ണിടിച്ചിലിൻറെ വിഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ബിജിനൂർ രൂപതയുടെ പ്രതിനിധിയായാണ് അദ്ദേഹം ജോഷിമഠിലെത്തിയത്. രണ്ട് പുരോഹിതർക്കൊപ്പം ദുരിതബാധിത പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്. നിലവിൽ ഋഷികേശിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ട്. മെൽവിനൊപ്പം കാറിലുണ്ടായിരുന്ന മറ്റ് രണ്ട് വൈദികരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.




