Sunil Ottapalam
വാക്കേ ഇന്ത്യ സുവിശേഷീകരണത്തിൽ ദൈവ കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ടിരുന്ന ശ്രീമതി ത്രേസ്സിയാമ്മ (79) തന്റെ ഓട്ടം തികച്ചു നിത്യതയിൽ പ്രവേശിച്ചു. രണ്ടു മാസങ്ങൾക്കു മുമ്പേ നേരിട്ട പക്ഷാഘാതത്തെ തുടർന്നു ചികിത്സയിൽ തുടരവേയാണ് മരണം സംഭവിച്ചത്.
കോട്ടയം ജില്ലയിൽ കീഴൂർ സ്വദേശിനി ആയിരുന്നു ത്രേസ്സിയാമ്മ ആന്റി എന്ന വിളിപ്പേരിൽ സുപരിചിത ആയിരുന്ന കർത്തൃദാസി. രാജസ്ഥാൻ ഗവണ്മെന്റിൽ ആരോഗ്യവകുപ്പ് ജീവനക്കാരിയായി ഔദ്യോഗിക ജോലിയിൽ പ്രവേശിച്ചു. ദീർഘ വർഷങ്ങൾ ഭൗതിക ജോലിയെ ‘ആരാധനായി കാണുകയും ദൈവിക വിഷയങ്ങൾക്ക് തെല്ലും പരിഗണന കൊടുക്കാതെയും മുമ്പോട്ടു പോയിരുന്നു.
ഈ കാലഘട്ടത്തിൽ വിവാഹിതയാകുകയും രണ്ടു ആൺകുഞ്ഞുങ്ങൾ ആ കുടുംബജീവിതത്തിന്റെ സാഫല്യമാകുകയും ചെയ്തു. സന്തോഷമായി ജീവിച്ചു വരവേ 1992 ൽ തന്റെ മൂത്ത മകൻ തികച്ചും ആകസ്മികമായി ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. ഈ സംഭവത്തിന്റെ ആഘാതം ത്രേസ്സിയാമ്മ ആന്റിയെ വല്ലാതെ ബാധിച്ചു. ആകെ നിരാശയിൽ ജീവിതം ഇനിയും മുമ്പോട്ടു പോകുവാൻ സാധ്യമല്ല എന്ന നിലയിൽ ആയിത്തീർന്ന സന്ദർഭമായിരുന്നു അത്.
ഈ അവസരമാണ് തന്റെ ജീവിതത്തിന്റെ ദിശാസന്ധിയായി മാറിയത്. നിരാശയുടെ ആ നാളുകളിൽ കർത്താവിന്റെ നേരിട്ടുള്ള ഇടപെടൽ കൃത്യമായി തിരിച്ചറിഞ്ഞ ത്രേസ്സിയാമ്മ ആന്റി തന്റെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു. അന്നുമുതൽ താൻ അറിഞ്ഞ സത്യത്തിന്റെ സാക്ഷിയായി രാജസ്ഥാൻ കേന്ദ്രമാക്കി സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന പാസ്റ്റർ വൈ യോഹന്നാൻ നേതൃത്വം വഹിക്കുന്ന ബെഥെൽ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനവുമായി ചേർന്നു മിഷൻ പ്രവർത്തനങ്ങളിൽ വ്യാപൃത ആയിരുന്നു.
സമീപ കാലത്ത് തന്റെ മകൻ പാസ്റ്റർ രാജ്കുമാർ തുടക്കം കുറിയ്ക്കുകയും നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഡീപ്പർ റൂട്ട് ക്രിസ്ത്യൻ ഫെല്ലോഷിപ്പിനോടൊപ്പം ആയിരുന്നു തന്റെ പ്രവർത്തനങ്ങൾ.




