തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരത്ത് വൻ തീപിടിത്തം; അക്വേറിയം കട കത്തിനശിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: വഴുതക്കാട് ആകാശവാണി ഓഫീസിനു സമീപം വൻ തീപിടിത്തം. എം.പി. അപ്പൻ റോഡിലെ അക്വേറിയം വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വീട്ടിലേക്കും തീപടർന്നു. ഫയർഫോഴ്സത്തി തീയണക്കൽ നടപടികൾ പുരോഗമിക്കുന്നു. തീപിടിത്തം നടന്ന ഇടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അഗ്നിബാധയുണ്ടായ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. പുകപടലങ്ങൾ വലിയതോതിൽ അന്തരീക്ഷത്തിൽ ഉയരുന്നതുകണ്ടാണ് പ്രദേശവാസികൾ തീപിടിത്തമുണ്ടായതായി അറിഞ്ഞത്. ചെറിയ വീടുകളും പല സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ ഇടവുമായതിനാൽ തീപിടിത്തത്തെത്തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. പുകച്ചുരുളുകൾ കാരണം പ്രദേശത്തേക്ക് അടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.
അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണക്കുന്നത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി. അക്വേറിയ നിർമാണ കേന്ദ്രത്തിലാണ് ആദ്യം തീപിടിച്ചത്. മത്സ്യങ്ങളും അക്വേറിയം നിർമിക്കുന്ന ഫൈബറുകളും ഉൾപ്പെടെയുള്ള സാധനങ്ങളും അവിടെ സൂക്ഷിച്ചിരുന്നു.

അക്വേറിയത്തിന്റെ ഗോഡൗണിൽ വെൽഡിങ് ജോലികൾ
നടക്കുന്നുണ്ടായിരുന്നു.
അതിൽനിന്ന് തീപടർന്നാണ്
വലിയ അപകടമുണ്ടായതെന്നാണ് കരുതുന്നത്. തീ ഉയർന്നതിനേത്തുടർന്ന് തൊഴിലാളികൾ ഗോഡൗണിൽനിന്ന് ഓടി രക്ഷപ്പെട്ടു. ഗോഡൗണിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.
തീപിടിക്കുന്നതുകണ്ട് സമീപത്തെ വീടുകളിൽനിന്നുള്ളവരെല്ലാം ഇറങ്ങിയോടി. പ്രായമായവരെയും കൂട്ടിയാണ് ഇവർ രക്ഷപ്പെട്ടത്. അക്വേറിയം പ്രവർത്തിക്കുന്ന സ്ഥാപനം ചെറിയ ഇടവഴിയിലായതിനാൽ അഗ്നിശമന സേനയുടെ വാഹനമെത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിട്ടു. അതുകൊണ്ടുതന്നെ മറ്റൊരു വീടിന്റെ മുകളിൽനിന്നാണ് അഗ്നിശമനസേന തീകെടുത്താനുള്ള ശ്രമം നടത്തിയത്. വെള്ളമെത്തിക്കാൻ വീടിൻറെ മതിലടക്കം ഇടിച്ചുപൊളിക്കേണ്ടിവന്നു.




