തോമസ് ജേക്കബ് കണ്ണൂർ
റാഞ്ചി: “ജീവനോടെ ബാക്കിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, 20 മണിക്കൂർ ഒരു തുള്ളി വെള്ളംപോലും കുടിച്ചില്ല. മരണത്തിലേക്ക് വീണുപോവുമെന്ന് പലപ്പോഴും തോന്നി, ദിയോഗറിലെ കേബിൾ കാർ അപകടത്തെ തുടർന്ന് റോയിൽ മണിക്കൂറുകളോളം കുടുങ്ങിയ അനുഭവം പങ്കുവെയ്ക്കുകയാണ് ശൈലേന്ദ്ര കുമാർ യാദവ്. പുനർജന്മം എന്നല്ലാതെ മറ്റൊന്നുമില്ല രക്ഷപ്പെട്ടെത്തിയ ഈ നിമിഷങ്ങളേക്കുറിച്ച് ശൈലേന്ദ്ര കുമാറിന് പറയാൻ.
പ്രതീക്ഷിക്കാതെ അപകടം നടന്നതോടെ 20 മണിക്കൂറിലേറെയാണ് ശൈലേന്ദ്ര കുമാർ റോപ് വേയിലെ മറ്റൊരു ട്രോളിയിൽ കുടുങ്ങിയത്. രാത്രി മുഴുവൻ ഇതിൽ കഴിച്ചുകൂട്ടി. തിങ്കളാഴ്ചയാണ് ഹെലികോപ്ടർ എത്തി രക്ഷപ്പെടുത്തിയത്. രാത്രി മുഴുവൻ രക്ഷാപ്രവർത്തകർ എത്തുന്നതും കാത്തിരിക്കുകയായിരുന്നു. വിശപ്പും ദാഹവും വല്ലാതെ അലട്ടിയിരുന്നു. വെള്ളം പോലും കിട്ടാതെ മരിച്ചുപോകുമെന്ന് ഭയപ്പെട്ടു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ മധുബനിയിൽ നിന്നാണ് യാദവും സുഹൃത്തുക്കളും ദിയോഗറിലെത്തി കേബിൾ കാറിൽ കയറിയത്. എന്നാൽ വൈകുന്നേരം അഞ്ച് മണിയോടെ കേബിൾ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറിൽ പ്രവർത്തിക്കുന്ന കേബിൾ കാറുകൾ കൂട്ടിയിടിച്ചാണ്
അപകടമുണ്ടായത്. അപ്രതീക്ഷിതമായി കാറുകൾ കൂട്ടിയിടിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൂട്ടിയിടി എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.അപകടത്തെ തുടർന്ന് റോപ് വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി എഴുപത് യാത്രക്കാരാണ്
മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. ഹെലികോപ്ടറുകൾ എത്തി ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.




