തോമസ് ജേക്കബ് കണ്ണൂർ
ബെത്ലഹേം: കൊച്ചിയിൽനിന്ന് തീർഥാടനത്തിന് പോയ സംഘത്തിന് പുറമേ പലസ്തീനിൽ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ഇസ്രയേൽ ഹമാസ് സംഘർഷത്തെത്തുടർന്ന് ബെത്ലഹേമിലെ ഒരു ഹോട്ടലിൽ മാത്രം 200-ഓളം മലയാളികളുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുർബാന നടക്കുമ്പോഴാണ് സൈറൺ കേൾക്കുന്നതും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് നിർദേശം ലഭിക്കുന്നതും. ഉടൻ തന്നെ പുറപ്പെട്ട് ബെത്ലഹേമിലെ ഹോട്ടലിൽ തിരിച്ചെത്തി. നിലവിൽ സുരക്ഷിതരാണ്. യാത്രാപദ്ധതിയനുസരിച്ച് തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ഈജിപ്തിലെ കെയ്റോയിലേക്ക് പോവേണ്ടതാണ്. ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം യാത്ര തിരിക്കണമെന്നാണ് ലഭിച്ചിരിക്കുന്ന സന്ദേശമെന്ന് ലീഡർ ജോയ് പറഞ്ഞു.
തങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എന്താണ്ട് 200-ഓളം മലയാളികളുണ്ട്. അടുത്ത നിർദേശം ലഭിച്ചാൽ തിങ്കളാഴ്ച രാവിലെ തന്നെ ഈജിപ്തിലേക്കുള്ള യാത്ര തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടി ചേർത്തു.





